പ്രളയക്കെടുതിയില്‍ നട്ടംതിരിയുന്ന സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങളോട് ഒരറ്റത്ത് സഹായം അഭ്യര്‍ത്ഥിക്കുകയാണ്. ഇതിനിടെ, ഒരു ധൂര്‍ത്തുകൂടി നടപ്പാക്കി മുഖ്യമന്ത്രിക്ക് സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫീസറെ നിയമിച്ചു. ശമ്പളം 1.10 ലക്ഷം രൂപ.

കൊച്ചി കടവന്ത്ര സ്വദേശിയായ മുതിര്‍ന്ന അഭിഭാഷകന്‍ എ. വേലപ്പനെയാണ് മുഖ്യമന്ത്രിയുടെ സ്‌പെഷല്‍ ലൈസന്‍ ഓഫീസറായി നിയമിക്കപ്പെട്ടത്. രണ്ടാഴ്ച മുമ്പത്തെ തീരുമാനത്തില്‍ ഉത്തരവ് ഇറങ്ങിയത് ഇപ്പോഴാണ്. ഹൈക്കോടതിയുടെ കേസുകളില്‍ ഏകോപനം നടത്താനാണത്രേ ഈ നിയമനം.

സീനിയര്‍ ഗവ.പ്ലീഡര്‍ക്ക് തുല്യമായ പദവിയാണിതെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാരിന് നിയോമപദേശം നല്‍കുക, ഹൈക്കോടതിയില്‍ സര്‍ക്കാര്‍ കക്ഷിയായിരിക്കുന്ന കേസുകള്‍ നടത്തുകയും, അവയുടെ പുരോഗതി വിലയിരുത്തുകയും ചെയ്യുക എന്നിവയാണ് അഡ്വക്കറ്റ് ജനറല്‍ ഓഫീസിന്റെയും സര്‍ക്കാര്‍ അഭിഭാഷകരുടെയും പ്രധാന കര്‍ത്തവ്യം. ഭരണഘടനാ സ്ഥാപനമായ അഡ്വക്കറ്റ് ജനറല്‍ ഓഫീസും, അതിന് കീഴിലുള്ള 140 ഓളം സര്‍ക്കാര്‍ അഭിഭാഷകരും നിലനിക്കെയാണ് ഹൈക്കോടതിയിലെ കേസുകള്‍ക്കായി ഒരു സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറുടെ തസ്തിക സൃഷ്ടിച്ചത്.

എളമരം കരീം മന്ത്രിയായിരിക്കെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആളാണ് വേലപ്പന്‍ നായര്‍. അടിസ്ഥാന ശമ്പളം 76,000 രൂപ. ഇന്റര്‍നെറ്റ് ടെലഫോണ്‍ ബത്ത 1000 രൂപ, യാത്രാബത്ത 19,000 രൂപ, കൂടാതെ ആനുകാലിക പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും വാങ്ങുന്നതിനാണ് 14,000 രൂപ നല്‍കുക. മുഖ്യമന്ത്രിക്ക് നിയമം ഉപദേശിക്കാന്‍ നിലവില്‍ ഒരാളെ നിയമിച്ചിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here