പുതിയ പാര്‍ലമെന്റ്‌ ‌ മന്ദിരം നിര്‍മ്മിക്കാം ; സുപ്രീം കോടതി

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരമുള്‍പ്പെടുന്ന ‘സെന്‍ട്രല്‍ വിസ്ത’ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട കടലാസ് ജോലികളുമായി മുന്നോട്ടുപോകാനാണ് പദ്ധതിക്കെതിരായ ഹര്‍ജികള്‍ പരിഗണിച്ച ജസ്റ്റിസ് എ.എം. ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധിപറഞ്ഞത്. പദ്ധതിയുടെ ശിലാസ്ഥാപനച്ചടങ്ങ് നടത്താന്‍ സുപ്രീംകോടതി നേരത്തേ അനുമതി നല്‍കിയിരുന്നു. ഡിസംബര്‍ പത്തിന് പ്രധാനമന്ത്രിയാണ് ശിലാസ്ഥാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

നിലവിലെ പാര്‍ലമെന്റ് കെട്ടിടത്തിന് സൗകര്യവും സുരക്ഷയും കുറവായതിനാല്‍ പുതിയത് നിര്‍മിച്ചേ പറ്റൂവെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇന്ത്യയുടെ 75ാം സ്വാന്ത്ര്യദിനമാഘോഷിക്കുന്ന 2022നു മുന്‍പായി പുതിയ മന്ദിര സമുച്ചയം നിര്‍മിക്കാനാണ് ലക്ഷ്യം. പാര്‍ലമെന്റും വിവിധ മന്ത്രാലയങ്ങളുമുള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത പുതുക്കിപ്പണിയുന്ന 20,000 കോടിയുടെ പദ്ധതി ഉപേക്ഷിക്കണമെന്നുകാട്ടി 60 മുന്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

നേരത്തേ, മറ്റുനിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ് രേഖപ്പെടുത്തിക്കൊണ്ടാണ് ശിലാസ്ഥാപനത്തിന് കോടതി അനുമതി നല്‍കിയത്. പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കാന്‍ മന്ത്രാലയത്തിനുകീഴിലുള്ള വിദഗ്ധസമിതി അടുത്തിടെ ശുപാര്‍ശ ചെയ്തിരുന്നു. രാഷ്ട്രപതിഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെ നീളുന്ന മൂന്നുകിലോമീറ്റര്‍ രാജ്പഥ് പാതയ്ക്കിരുവശത്തുമായി സമഗ്രമാറ്റം ലക്ഷ്യംവെക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അഭിമാനപദ്ധതിക്കെതിരായ ഹര്‍ജികള്‍ നവംബര്‍ അഞ്ചിനാണ് സുപ്രീംകോടതി വിധിപറയാന്‍ മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here