കാഠ്മണ്ഡു: വീണ്ടും നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഓലി പ്രസിഡന്റ് വിദ്യാദേവി ഭണ്ഡാരിയോട് ശുപാര്‍ശ ചെയ്തതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു . ഞായറാഴ്ച ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം.

പ്രധാനമന്ത്രി കെ പി ശര്‍മ്മ ഓലി വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തില്‍ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്തതായി നേപ്പാള്‍ ഊര്‍ജ്ജ മന്ത്രി ബുര്‍സമാന്‍ പുന്‍ അറിയിച്ചു. ഓലിയുടെ തീരുമാനത്തെ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എതിര്‍ത്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഓലിയുടെ തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച്‌ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വക്താവ് നാരായണകാജി ശ്രേഷ്ഠ പ്രസ്താവന ഇറക്കിയിരുന്നു. അതേസമയം തനിക്ക് ഭൂരിപക്ഷ പിന്തുണ നഷ്ടപ്പെട്ടതായി പ്രധാനമന്ത്രിയുടെ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ലമെന്ററി പാര്‍ട്ടി, കേന്ദ്രകമ്മിറ്റി, പാര്‍ട്ടിയുടെ സെക്രട്ടേറിയറ്റ് എന്നിവിടങ്ങളില്‍ പ്രധാനമന്ത്രിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് എന്‍പിസി കേന്ദ്രകമ്മിറ്റി അംഗം ബിഷ്ണു റിജാല്‍ പറഞ്ഞു. ചൊവ്വാഴ്ച പുറപ്പെടുവിച്ച ഭരണഘടനാ കൗണ്‍സില്‍ നിയമവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയ്ക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നു.

അതേദിവസം തന്നെ പ്രസിഡന്റ് വിദ്യാദേവി ഭണ്ഡാരി ഇത് അംഗീകരിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. പ്രധാനമന്ത്രി ഒലിയുടെ നീക്കത്തിലൂടെ നേപ്പാളിലെ രാഷ്ട്രീയ പോരാട്ടം വീണ്ടും ശക്തിയാര്‍ജ്ജിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here