ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള സാമ്പത്തിക സംവരണത്തിന് (ഇ.ഡബ്ല്യു.എസ്.) എട്ടുലക്ഷം രൂപയുടെ വാര്‍ഷിക വരുമാനപരിധി നിശ്ചയിച്ചത് തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഷകലതാമസം ഒഴിവാക്കാന്‍ ഈ അക്കാദമിക വര്‍ഷത്തെ പ്രവേശനങ്ങളെല്ലാം പഴയ മാനദണ്ഡങ്ങള്‍ പ്രകാരംതന്നെ നടത്തുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. നീറ്റ് പി.ജി. പ്രവേശന നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് റെസിഡന്റ് ഡോക്ടര്‍മാര്‍ അടുത്തിടെ പ്രതിഷേധിച്ചിരുന്നു.
ഈ മാസം ആറിനാണ് കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കുന്നത്. ഇ.ഡബ്ല്യു.എസ്. വിഭാഗത്തെ നിശ്ചയിക്കാന്‍ 2019 ജനുവരി 17-ന് ഇറക്കിയ ഓഫീസ് മെമ്മോറാണ്ടമാണ് സുപ്രീംകോടതിയില്‍ ചോദ്യംചെയ്യപ്പെട്ടത്. ഇതുപ്രകാരം മൂന്ന് മാനദണ്ഡങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുമാനദണ്ഡങ്ങള്ക്ക് മാറ്റമില്ല.
വരുമാന മാനദണ്ഡം സുപ്രീംകോടതിയും ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ഇക്കാര്യം പുന:പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാര്‍ നടപടി. എട്ടുലക്ഷത്തിന്റെ പരിധി തുടരാമെന്നാണ് സമിതി ശിപാര്‍ശ ചെയ്തത്. അഞ്ചേക്കറിലേറെ കൃഷിഭൂമിയുള്ളവരെ ഒഴിവാക്കാനുള്ള തീരുമാനവും സമിതി ശരിവെച്ചു. അതേസമയം, വീടിന്റെ വലുപ്പമല്ല വരുമാനമാണ് നോക്കേണ്ടതെന്ന് വ്യക്തമാക്കിയ സമിതി, ‘റെസിഡന്‍ഷ്യല്‍ അസറ്റ്’ മാനദണ്ഡം ഒഴിവാക്കി. എന്നാല്‍, മാറ്റങ്ങള്‍ ഈ അക്കാദമികവര്‍ഷം നടപ്പാക്കുന്നത് ഇപ്പോഴത്തെ പ്രവേശന നടപടികളെ ബാധിക്കുമെന്നതിനാല്‍ അടുത്തവര്‍ഷം മുതല്‍ മതിയെന്നും സമിതി ശിപാര്‍ശ ചെയ്യുകയായിരുന്നു.
നിലവിലെ മാനദണ്ഡപ്രകാരം വലിയ വീടുള്ളവര്‍ക്ക് ലഭിക്കില്ല. അതായത് മുനിസിപ്പാലിറ്റി മേഖലയില്‍ 900 ചതുരശ്ര അടി, അല്ലാത്ത മേഖലയില്‍ 1800 ചതുരശ്ര അടിക്കു മുകളിലുള്ള വീടുകള്‍, 1000 ചതുരശ്ര അടിയിലേറെ വലുപ്പമുള്ള ഫ്ളാറ്റുകള്‍ എന്നിവയുള്ളവരെ ഒഴിവാക്കും.