കൊച്ചി: സി.പി.എം നേതാവും മുൻ എം.പിയുമായ എം.ബി രാജേഷിന്റെ ഭാര്യ നിനിത കണച്ചേരിയുടെ നിയമനത്തില്‍ ആരോപണമുന്നയിച്ച വിഷയ വിദഗ്ദ്ധ സമിതിയിലെ അംഗം ഡോ. റ്റി. പവിത്രന് പരാതി പിന്‍വലിച്ചതായി സംസ്ക്യത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ധര്‍മ്മരാജ് അടാട്ട്. റാങ്ക് പട്ടിക തയ്യാറാക്കുന്നത് വിഷയ വിദഗ്ദ്ധരാണെന്ന് കരുതിയാണ് വിയോജനമറിയിച്ചതെന്ന് പവിത്രന് അയച്ച ഇ മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും വി സി പറഞ്ഞു. ഇതിനിടെ വൈസ് ചാന്‍സിലർ പഴയ എസ്.എഫ്.ഐക്കാരനാണെന്ന ആരോപണമുന്നയിച്ച പി.ടി തോമസ് എം.എല്‍.എ നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
കാലടി സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള ഏഴംഗ ഇന്റര്‍വ്യൂ ബോര്‍ഡില്‍ വിഷയ വിദഗ്ദ്ധ സമിതിയില്‍ മൂന്ന് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഡോ. ഉമര്‍ തറമേല്‍, ഡോ. പി പവിത്രന്, ഡോ. കെ എം ഭരതന്. നിനിതയ്ക്ക് യോഗ്യതയില്ലെന്നും തങ്ങള്‍ തെരെഞ്ഞെടുത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മൂന്നംഗ വിദഗ്ദ്ധ സമിതി വി സിയ്ക്കും രജിസ്ട്രാര്‍ക്കും പരാതി നല്‍കിയത്. ഈ സമിതിയിലെ അംഗമായ ഡോ. പി പവിത്രന് പരാതി പിന്‍വലിച്ചതായി ഇ മെയില്‍ സന്ദേശമയച്ചെന്നാണ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ധര്‍മ്മരാജ് അടാട്ട് പറയുന്നത്. വിഷയം രാഷ്ട്രീയവത്കരിച്ചതില്‍ പവിത്രന് ഖേദം പ്രകടിപ്പിച്ചതായും വി സി വ്യക്തമാക്കി.
ആരോപണങ്ങളെ വി സി തള്ളിയെങ്കിലും സമിതി അംഗമായ പവിത്രന് അയച്ച ഇ മെയില്‍ പുറത്ത് വിടാന്‍ അദ്ദേഹം തയ്യാറായില്ല. പരാതി പിന്വലിയ്ക്കുന്നതിനെക്കുറിച്ച് പവിത്രനും പ്രതികരിച്ചിട്ടില്ല.