തിരുവനന്തപുരം: പാലാ സീറ്റിനെച്ചൊല്ലി എന്‍.സി.പി സംസ്ഥാന ഘടകത്തിലെ ‘തമ്മിലടി’ രൂക്ഷമാവുന്നതിനിടെ കേന്ദ്ര നേതാക്കളെ കാണാന്‍ മന്ത്രി എ.കെ. ശശീന്ദ്രന് ഇന്ന് ഡല്‍ഹിയിലേക്ക്. വൈകീട്ട് മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലുമായി ചര്‍ച്ച നടത്തും.
സംസ്ഥാന ഘടകം ഇടതുമുന്നണിയില്‍ തന്നെ തുടരണമെന്ന് ദേശീയ നേതാക്കളോട് അദ്ദേഹം ആവശ്യപ്പെടും. 11 ജില്ല കമ്മിറ്റികള്‍ കൂടെയുണ്ടെന്നുള്ള അദ്ദേഹത്തിന്റെ അവകാശവാദവും നേതാക്കളെ അറിയിക്കും. തുടര്‍ന്ന് മഹാരാഷ്ട്രയിലെത്തി പാര്‍ടി അധ്യക്ഷന്‍ ശരത് പവാറുമായും കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിശദീകരിക്കും. ഇക്കാര്യത്തില്‍ തന്റെ നിലപാട് ദേശീയ നേതൃത്വത്തിന് കൈമാറാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.യു.ഡി.എഫിലേക്ക് പോകാനുള്ള ഒരു വിഭാഗത്തിന്റെ നീക്കം പാര്‍ട്ടിയെ പിളര്‍പ്പിലേക്കെത്തിക്കുമെന്നതിനാല്‍ പിന്മാറണമെന്നാണ് ശശീന്ദ്രന്റെ നിലപാട്.
ദേശീയ നേതൃത്വം ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. അതിനിടെ, എന്‍.സി.പിയുടെ മുന്നണി മാറ്റത്തിന് അനുകൂലമായ സൂചനകള്‍ ഇന്നലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുണ്ടായി. ഇക്കാര്യം പാര്‍ട്ടി സംസ്ഥാന ഘടകം തീരുമാനിക്കുമെന്ന് എ.ഐ.സി.സി ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാനത്ത് നേതാക്കള്‍ ഇക്കാര്യത്തില്‍ അനൗപചാരിക ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. ഔദ്യോഗിക വിഷയവുമായി ബന്ധപ്പെട്ട് യാത്രയില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെയും അദ്ദേഹം സന്ദര്‍ശിക്കും.