തിരുവനന്തപുരം: ഗായകൻ എം.എസ്.നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചികിത്സയിലായിരുന്നു. ദൂരദർശന്റെ സുവർണ്ണകാലത്ത് മലയാളികളുടെ സ്വീകരണ മുറികളെ സംഗീത മുഖരിതമാക്കിയ ശബ്ദത്തിന് ഉടമയാണ് എംഎസ് നസീം. ഗാനമേളകളിലും സ്റ്റേജ് ഷോകളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. സംഗീതത്തിനായി ജീവിതം തന്നെ ഉഴിഞ്ഞുവച്ച അദ്ദേഹം പക്ഷാഘാതം വന്ന് രോഗബാധിതൻ ആകുന്നത് വരെ ആ രംഗത്ത് സജീവമായി തന്നെയുണ്ടായിരുന്നു.
നിശ്ചയദാർഢ്യം കൊണ്ട് രോഗത്തെ തോൽപ്പിച്ചെങ്കിലും പഴയ നിലയിലേക്ക് അദ്ദേഹം പൂർണ്ണമായും മടങ്ങിവന്നില്ല. കഴിഞ്ഞ പത്തുവർഷത്തിലധികമായി പൊതുവേദികളിൽ നിന്നും അകന്നു നിന്നിരുന്നുവെങ്കിലും സംഗീതത്തോടുള്ള അഭിനിവേശം മാത്രം അവസാനിച്ചിരുന്നില്ല. വർഷങ്ങൾ നീണ്ട സംഗീത ജീവിത്തിൽ നിരവധി നാടകങ്ങളിലും ഗാനമേളകളിലും അദ്ദേഹത്തിന്റെ സ്വരമാധുര്യം സംഗീത പ്രേമികൾ ആസ്വദിച്ചു. നിരവധി പുരസ്കാരങ്ങളും നസീമിനെ തേടിയെത്തിയിരുന്നു.
സീമിന്റെ മരണത്തിൽസാംസ്കാരിക വകുപ്പ് മന്ത്രി എ. കെ. ബാലൻ അനുശോചനം അറിയിച്ചു. ‘അനുഗ്രഹീത ഗായകനും കലാസംഘാടകനുമായ ശ്രീ. എം. എസ് നസീമിൻ്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്തെ കലാസാംസ്കാരിക രംഗത്ത് അവിഭാജ്യ ഘടകമായിരുന്നു നസീം. സംഗീതവുമായി ബന്ധപ്പെട്ട ചരിത്രാന്വേഷണത്തിലും സംഗീതത്തെ അടിസ്ഥാനമാക്കിയ മികച്ച ടെലിവിഷൻ പരിപാടികൾ ഒരുക്കുന്നതിലും അസാധാരണ മികവ് കാട്ടിയിരുന്നു. പത്ത് വർഷത്തിലധികമായി പൊതുവേദികളിൽ എത്താൻ കഴിഞ്ഞിരുന്നില്ലെങ്കിലും കലയുമായി അദ്ദേഹം ഹൃദയബന്ധം പുലർത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു’ എന്നാണ് അനുശോചന കുറിപ്പിൽ മന്ത്രി അറിയിച്ചത്.