പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് വെടിവയ്പ്പില്‍ മൂന്നു പേര്‍ മരിച്ചു. മംഗളൂരുവില്‍ രണ്ടു പേരും ലക്‌നൗവില്‍ ഒരാളുമാണ് മരിച്ചത്. ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി. 16 മെട്രോ സ്്റ്റേഷനുകള്‍ താല്‍ക്കാലികമായി അടച്ചു.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബെല്ല തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും. പൗരത്വ ഭേദഗതി നിയമത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തി.

ഡല്‍ഹി, കര്‍ണാടക, കേരളം, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഇന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നു. കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നൂറു കണക്കിനു പ്രതിഷേധക്കാരെ വിവിധ സംസ്ഥാനങ്ങളില്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

മാണ്ഡി ഹൗസിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ചിനിശട സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ എന്നിവരെ അറസ്റ്റ് ചെയ്തു. ചിത്രകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ രാമചന്ദ്ര ഗുഹ അടക്കമുള്ളവര്‍ വിവിധ ഭാഗങ്ങളില്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശില്‍ പരക്കെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. ലക്‌നൗവില്‍ പ്രതിഷേധക്കാന്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. വീടുകള്‍ക്കുനേരെ കല്ലെറിഞ്ഞു.

ജാമിയ മില്ലിയ സര്‍വകലാശാല കവാടത്തിനു മുന്നില്‍ ഇസ്ലാം മത വിശ്വാസികളായ വിദ്യാര്‍ത്ഥികളും മറ്റുള്ളവരും നമാസ് നടത്തി. ഇതരമത വിശ്വാസികളായവര്‍ അവര്‍ക്കു ചുറ്റും മനുഷ്യചങ്ങല തീര്‍ത്തു. ജാമിയ മില്ലിയ സര്‍വകലാശാലയിലെ പോലീസ് നടപടിയില്‍ മറുപടി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പോലീസിനും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. എത്രയും പെട്ടന്ന് ഹര്‍ജികള്‍ കേള്‍ക്കണമെന്ന അഭിഭാഷകരുടെ ആവശ്യം തള്ളി ഫെബ്രുവരി നാലിനു കേസ് പോസ്റ്റ് ചെയ്തു. തീരുമാനത്തിനെതിരെ ഷെയിം ഷെയിം വിളിച്ച് അഭിഭാഷകള്‍ പ്രതിഷേധിച്ചു.

രാജ്യത്തെ സാഹചര്യം വിലയിരുത്താന്‍ കോണ്‍ഗ്രസ് അടിയന്തര കോര്‍ കമ്മിറ്റി യോഗം ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here