കല്‍ക്കരി ക്ഷാമം വൈദ്യുതി ഉല്‍പ്പാദനം കുറച്ചു, സംസ്ഥാനത്തും നിയന്ത്രണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം | കല്‍ക്കരി ക്ഷാമം രാജ്യത്തെ വൈദ്യുതി ഉല്‍പ്പാദനത്തെ ബാധിച്ചതോടെ സംസ്ഥാനത്തും വൈദ്യുതി നിയന്ത്രണം. വൈകുന്നേരം 6.30 നും രാത്രി 11.30 നും ഇടയില്‍ 15 മിനിട്ടാണ് നിയന്ത്രണം ഉണ്ടാവുകയെന്നു കെ.എസ്.ഇ.ബി. അറിയിച്ചു.

വിപണിയില്‍ നിന്ന് വൈദ്യുതി ലഭിക്കുന്നതിനനുസരിച്ച് നിയന്ത്രണ സമയത്തില്‍ വ്യത്യാസമുണ്ടാകും. പ്രധാന ആശുപത്രികള്‍ അടക്കമുള്ളവ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലെ ഫീഡറുകളെ നിയന്ത്രണത്തില്‍ നിന്നു ഒഴിവാക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി.

പരമാവധി വൈദ്യുതി വാങ്ങി നിയന്ത്രണ സമയം കുറയ്ക്കാനാണ് നോക്കുന്നതെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ആഭ്യന്തര ഉല്‍പ്പാദനവും ഉപഭോഗവും തമ്മില്‍ 400 മെഗാവാട്ടിന്റെ അന്തരമുണ്ട്. ദീര്‍ഘകാല കരാറുകളില്‍ നിന്നല്ലാതെ പവര്‍ എക്സ്‌ചേഞ്ചില്‍നിന്ന് ബോര്‍ഡിനു വൈദ്യുതി കിട്ടുന്നില്ല. കല്‍ക്കരി ക്ഷാമം മൂന്നു നിലയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതിനാല്‍ 78 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നില്ല. ബംഗാളിലെ നിലയത്തിലെ സാങ്കേതിക പ്രശ്‌നത്താല്‍ 135 മെഗാവാട്ടിന്റെ കുറവുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here