ന്യൂഡൽഹി: പൊതുജനങ്ങളിലേയ്ക്ക് പരമാവധി സൗജന്യമായി കൊവിഡ് 19 വാക്സിൻ എത്തിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാരിൻ്റെ സൗജന്യ വാക്സിനേഷൻ പദ്ധതി ഭാവിയിലും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങളിൽ വീഴരുതെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. പ്രതിമാസ റേഡിയോ പ്രഭാഷണമായ മൻ കി ബാത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സൗജന്യമായി വാക്സിൻ അയച്ചിട്ടുണ്ടെന്നും 45 വയസ്സിനു മുകളിൽ പ്രായമുള്ളവര്‍ക്ക് ഈ വാക്സിൻ ലഭ്യമാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. 18 വയസ്സിനു മുകളിൽ പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് 19 വാക്സിനേഷൻ മെയ് ഒന്ന് മുതൽ ആരംഭിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മൂന്നാം ഘട്ട കൊവിഡ് 19 വാക്സിനേഷൻ സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നയം വിവാദമായതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. മൂന്നാം ഘട്ട വാക്സിനേഷനിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് അനുവദിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം മൊത്തം ഉത്പാദിപ്പിക്കുന്ന വാക്സിൻ്റെ പകുതി പൊതുവിപിണിയിലോ സംസ്ഥാന സര്‍ക്കാരുകള്‍ക്കോ വിൽക്കാനും നിര്‍മാതാക്കള്‍ക്ക് അനുമതിയുണ്ട്. കൊവിഷീൽഡ് വാക്സിൻ സംസ്ഥാനങ്ങള്‍ക്ക് വിൽക്കുന്ന വില രാജ്യാന്തര വിപണിയിലും ഉയര്‍ന്നതാണെന്ന് ചൂണ്ടിക്കാട്ടി കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഉയര്‍ന്ന വില ലഭിച്ചാൽ മാത്രമേ ഉത്പാദനം വര്‍ധിപ്പിക്കുന്നത് അടക്കുള്ള കാര്യങ്ങള്‍ക്ക് പണം ലഭിക്കൂ എന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നിലപാട്.

കൊവിഡ് 19 ബാധിച്ചു മരിച്ചവര്‍ക്ക് പ്രധാനമന്ത്രി റേഡിയോ പരിപാടിയിൽ അനുശോചനം അറിയിച്ചു. കൊവിഡ് 19 ആദ്യതരംഗം ഫലപ്രദമായി നേരിട്ടെങ്കിലും രണ്ടാം തരംഗം രാജ്യത്തെ പിടിച്ചു കുലുക്കിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിസന്ധി പരിഹരിക്കാനായി ഓക്സിജൻ വിതരണക്കമ്പനികളും മരുന്നുനിര്‍മാതാക്കളുമായി സംസാരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് 19 പ്രതിരോധത്തിൽ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ കോര്‍പ്പറേറ്റ് മേഖലയും വാക്സിൻ വിതരണത്തിൽ പങ്കാളികളാകണമെന്നും ജീവനക്കാര്‍ക്ക് വാക്സിൻ നല്‍കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ജനങ്ങള്‍ കൊവിഡ് 19 സംബന്ധിച്ച വിവരങ്ങള്‍ വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നു മാത്രമേ സ്വീകരിക്കാവൂ എന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here