കേരളത്തിന്റെ വികസനത്തിനായി നരേന്ദ്ര മോദി സാധ്യമായതെല്ലാം ചെയ്യുന്നു’; മലയാളത്തില്‍ അമിത് ഷായുടെ ട്വീറ്റ്

ഡല്‍ഹി: കേരളത്തിന്റെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്ര ബജറ്റില്‍ കേരളത്തിനായി പ്രഖ്യാപിച്ച വിവിധ പദ്ധതികള്‍ ചൂണ്ടിക്കാട്ടി മലയാളത്തില്‍ ട്വീറ്റ് ചെയ്താണ് അമിത് ഷായുടെ പ്രതികരണം. ഭാരത് മാല പദ്ധതിപ്രകാരം കേരളത്തിലെ ദേശീയപാതാ നിര്‍മാണത്തിനായി 65,000 കോടിയും കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിക്കായി 1957 കോടി രൂപയും അനുവദിച്ചതിന് പ്രധാനമന്ത്രിയെ അമിത് ഷാ അഭിനന്ദിക്കുകയും ചെയ്തു.

‘പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി കേരളത്തിന്റെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ഭാരത് മാല പദ്ധതിപ്രകാരം സംസ്ഥാനത്ത് ദേശീയപാതാ നിര്‍മ്മാണത്തിനായി 65,000 കോടി രൂപയും കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിക്ക് 1957 കോടി രൂപയും അനുവദിച്ചതിന് ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു” – അമിത് ഷാ ട്വീറ്റ് ചെയ്തു.

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ കേരളത്തിനായി വമ്പൻ പ്രഖ്യാപനങ്ങളാണുണ്ടായിരുന്നത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പുത്തനുണർവ് പകരുന്നതാണ് കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ. ദേശീയപാത വികസനത്തിന് സംസ്ഥാനത്തിന് 65,000 കോടി രൂപ അനുവദിച്ചു. കൊല്ലം- മധുര പാതയും പ്രഖ്യാപനത്തിലുണ്ട്. ഇതിനൊപ്പമാണ് കൊച്ചി മെട്രോയ്ക്കായുള്ള പ്രഖ്യാപനം. കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റർ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1967.05 കോടി രൂപയാണ് ധനമന്ത്രി അനുവദിച്ചത്.

കേരളത്തില്‍ 1100 കിലോ മീറ്റർ ദേശീയ പാത നിര്‍മ്മാണത്തിനായാണ് 65,000 കോടി രൂപ അനുവദിച്ചത്. ഇതില്‍ 600 കിലോ മീറ്റർ മുംബൈ- കന്യാകുമാരി ഇടനാഴിയുടെ നിര്‍മ്മാണവും ഉള്‍പ്പെടുന്നു. തമിഴ്നാട്ടില്‍ 3500 കിലോ മീറ്റർ ദേശീയ പാത നിര്‍മ്മാണത്തിന് 1.03 ലക്ഷം കോടി അനുവദിച്ചിട്ടുണ്ട്. ഇതില്‍ മധുര-കൊല്ലം ഇടനാഴി ഉള്‍പ്പെടുന്നു. ഇതിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം തുടങ്ങും. കേന്ദ്ര ബജറ്റിൽ 1967 കോടി വകയിരുത്തിക്കൊണ്ടുള്ള ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം കൊച്ചി മെട്രോയുടെ രണ്ടാംഘട്ട സ്വപ്നങ്ങൾക്ക് ചിറക് നൽകുന്നതായി. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് കേന്ദ്ര സർക്കാർ മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി നൽകുമെന്ന സൂചനകളുണ്ടായിരുന്നു. ഇതിനിടെയാണ് ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്നത് എന്നത് കേരളത്തെ സംബന്ധിച്ച് ഗുണകരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here