ഡല്‍ഹി: കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബുധനാഴ്ച രാത്രി 12 മണി മുതല്‍ രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുറത്തിറങ്ങുകയെന്നത് 21 ദിവസം മറക്കണമെന്ന് കൈകൂപ്പി അപേക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു. കൊറോണ പ്രതിരോധത്തിനായി 15,000 കോടി രൂപയുടെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
മൂന്നാഴ്ചക്കാലം നടപടി തുടരും. ജനതാ കര്‍ഫ്യൂ വിജയിപ്പിച്ചതിനു ജനങ്ങള്‍ക്കു നന്ദി പറഞ്ഞ മോദി പ്രതിസന്ധി ഘട്ടത്തില്‍ ജനം ഒരുമിച്ചു നിന്നുവെന്നും കൂട്ടിച്ചേര്‍ത്തു. കൊറോണയെ തടയണമെങ്കില്‍ അതു പടരുന്ന വഴി തകര്‍ക്കുകയാണു വേണ്ടത്. സാമൂഹിക അകലം പാലിക്കുകയെന്നത് ഓരോ പൗരനും ബാധകമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഗൗരവമായി എടുക്കണം. സാമൂഹിക അകലം പാലിക്കുക മാത്രമാണ് പോംവഴി. ഓരോ പൗരനും ഇപ്പോള്‍ എവിടെയാണോ അവിടെ തങ്ങണം.