സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി സിപിഎമില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകാറുണ്ടെന്നും അത് സ്വാഭാവികമാണെന്നും സിപിഎം കേന്ദ്ര കമിറ്റി അംഗം എം വി ഗോവിന്ദന്‍. ചില പ്രതിഷേധങ്ങള്‍ ഉണ്ടാകാറുണ്ട്. മുമ്ബും ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച്‌ മണ്ഡലങ്ങള്‍ ഘടകകക്ഷികള്‍ക്ക് കൊടുക്കുമ്ബോള്‍. അതെല്ലാം സംഘടനാ പരമായി പരിഹരിക്കാവുന്നതേയുള്ളൂയെന്നും ഗോവിന്ദന്‍ അറിയിച്ചു.

എത്ര വലിയ നിരയായായാലും പാര്‍ടി തീരുമാനമെടുത്തുകഴിഞ്ഞാല്‍, ആ തീരുമാനത്തെ അടിസ്ഥാനമാക്കി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പൊന്നാനി തെരഞ്ഞെടുപ്പിന്റെ സമയത്തും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രതിഷേധമുണ്ടായിരുന്നു. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ നിന്ന് പിന്നോട്ട് പോകില്ല. നടപടിയുണ്ടാകുമോ എന്ന് പിന്നീട് തീരുമാനിക്കേണ്ട കാര്യമാണ്. നടപടിയുണ്ടോകുമോ എന്ന സംഘടനാ തീരുമാനം മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപെട്ടു.

സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി സി പി എം നേതൃത്വത്തിനെതിരേ മലപ്പുറം പൊന്നാനിയില്‍ കഴിഞ്ഞദിവസം സ്ത്രീകളും കുട്ടികളുമുള്‍പെടെ നൂറുകണക്കിനുപേര്‍ തെരുവിലിറങ്ങിയിരുന്നു. പൊന്നാനി മണ്ഡലത്തിലെ ഏഴ് ബ്രാഞ്ച് സെക്രടറിമാരും മൂന്ന് ലോക്കല്‍ കമിറ്റി അംഗങ്ങളും രാജിവെച്ചു. ഡി വൈ എഫ് ഐ യുടെ രണ്ട് മേഖലാ കമിറ്റികളും രാജിനല്‍കി. കോഴിക്കോട് കുറ്റ്യാടിയില്‍ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ടുകൊടുത്തതിനെതിരേയും പ്രകടനം നടന്നു.

നേരത്തെ പാലക്കാട് തരൂരില്‍ മന്ത്രി എ കെ ബാലന്റെ പിന്‍ഗാമിയായി ഭാര്യ പി കെ ജമീലയെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കവും എതിര്‍പിനിടയാക്കിയിരുന്നു. എന്നാല്‍ എതിര്‍പ് ശക്തമായതോടെ സംസ്ഥാന സെക്രടേറിയറ്റ് ഈ തീരുമാനം ഉപേക്ഷിച്ചിരുന്നു. തിങ്കളാഴ്ച സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപം നല്‍കിയ ശേഷം സ്വന്തം മണ്ഡലമായ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരണം ഏറ്റുവാങ്ങുന്നതിനിടയിലായിരുന്നു നേതൃത്വത്തെ ഞെട്ടിച്ച രണ്ട് പ്രകടനങ്ങള്‍ നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here