മുരുകന്റെ മരണം: 71 വെന്റിലേറ്ററില്‍ 15 എണ്ണം ഒഴിവുണ്ടായിരുന്നു, തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ വാദം പൊളിഞ്ഞു

0

തിരുവനന്തപുരം: കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് എത്തിച്ച തമിഴ്‌നാട് സ്വദേശി മുരുകന് വെന്റിലേറ്റര്‍ നിഷേധിക്കുമ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ ലഭ്യമായിരുന്നുവെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട.

71 വെന്റിലേറ്ററുകള്‍ ഉള്ളതില്‍ 15 എണ്ണം ഒഴിവുണ്ടായിരുന്നുവെന്നും അവ സ്റ്റാന്റ്‌ബൈ വെന്റിലേറ്ററായി സൂക്ഷിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നല്‍കിയ രേഖകളില്‍ ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷന് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുരുകന്റെ മരണത്തില്‍ ചികിത്സാ പിഴവുണ്ടെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ ഉത്തരവിട്ടിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ പി കെ രാജു സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഉത്തരവ്.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ മെഡിക്കല്‍ ബോര്‍ഡിന് ലഭ്യമാക്കിയ രേഖകള്‍ പ്രകാരം അത്യാഹിത വിഭാഗത്തിലുള്ള ഓപ്പറേഷന്‍ തിയേറ്ററില്‍ ഒരു വെന്റിലേറ്റര്‍ മറ്റൊരു രോഗിക്ക് വേണ്ടി റിസര്‍വ് ചെയ്തിരുന്നതായി പറയുന്നു. ട്രാന്‍സ്പ്ലാന്റ് ഐ.സിയുവില്‍ മറ്റൊരു ട്രാന്‍സിറ്റ് വെന്റിലേറ്ററും ലഭ്യമായിരുന്നു.

മുരുകന് ചികിത്സ നല്‍കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ ലഭ്യമല്ലായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചത്.
തങ്ങള്‍ വെന്റിലേറ്റര്‍ അന്വേഷിക്കുമ്പോള്‍ മുരുകനെ കൊണ്ടുവന്ന ആമ്പുലന്‍സ് രോഗിയുമായി രാവിലെ മൂന്നരയോടെ മെഡിക്കല്‍ കോളേജില്‍ നിന്നും പോയതായി മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2017 ഓഗസ്റ്റ് 7ന് അതിരാവിലെ ഒരു മണിക്കാണ് വാഹനാപകടത്തില്‍ അത്യാസന്ന നിലയിലായ മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചത്. മൂന്നര വരെ ആമ്പുലന്‍സ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കാത്തുകിടന്നു. മുരുകന് യഥാസമയം ചികിത്സ ലഭ്യമാക്കിയിരുന്നെങ്കില്‍ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

Read More:


Loading...

LEAVE A REPLY

Please enter your comment!
Please enter your name here