തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പ്രസംഗത്തിൽ വിശദീകരണവുമായി മന്ത്രി എം.എം മണി രംഗത്ത്. തന്‍റെ പ്രസംഗം തെറ്റിദ്ധരിക്കപ്പെട്ടെന്നും അതിൽ ദുഃഖമുണ്ടെന്നും മന്ത്രി എം.എം മണി പറഞ്ഞു.

പ്രസംഗത്തിൽ സ്ത്രീകളെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും മണി വ്യക്തമാക്കി. തന്‍റെ പ്രസംഗത്തിനെതിരായ പ്രതിഷേധം ആരോ ഇളക്കിവിട്ടതാണ്. പ്രസംഗം എഡിറ്റ് ചെയ്തതായി സംശയിക്കുന്നു. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചതായും എം.എം മണി മാധ്യമങ്ങളോട് പറഞ്ഞു.

മണിയുടെ പ്രസ്താവനയ്ക്കെതിരെ മൂന്നാറിൽ പെമ്പിളൈ ഒരുമൈ പ്രക്ഷോഭവുമായി രം​ഗത്തെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പെമ്പിളൈ ഒരുമൈ സമരകാലത്ത് കുടിയും സകലവൃത്തികേടുകളും നടന്നിട്ടുണ്ടെന്നായിരുന്നു എം എം മണിയുടെ പ്രസ്താവന. അടിമാലി ഇരുപതേക്കറിൽ നടത്തിയ പ്രസം​ഗത്തിലായിരുന്നു മണിയുടെ അധിക്ഷേപ പരാമർശം. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി. ഞങ്ങള്‍ക്കെല്ലാം അറിയാമെന്നും എംഎം മണി പറഞ്ഞിരുന്നു. ഒന്നാം മൂന്നാർ ഭൂമി ഒഴിപ്പിക്കൽ കാലത്ത് ദൗത്യസംഘത്തലവൻ കെ. സുരേഷ് കുമാറും മാധ്യമപ്രവർത്തകരും സർക്കാർ ഗസ്റ്റ് ഹൗസിൽ മദ്യപാനത്തിലായിരുന്നുവെന്നും എം.എം. മണി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here