മൂന്നാറിലെ ഭൂമി കൈയേറ്റം അതീവ ഗുരുതരം

0
2

തിരുവനന്തപുരം: മൂന്നാറിലെ ഭൂമി കൈയേറ്റം അതീവ ഗുരുതരമായിരിക്കുന്നു. പ്രാദേശീക, രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ കാരണം ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍. രേഖകള്‍ പരിശോധിക്കാനോ കൈയേറ്റങ്ങള്‍ തടയാനോ കഴിയാത്ത സാഹചര്യത്തില്‍ മൂന്നാറില്‍ പ്രത്യേക അതോറിട്ടി രൂപീകരിക്കണമെന്ന് ലാന്‍ഡ് റവന്യു കമ്മിഷണര്‍ എ.ടി. ജെയിംസ് ശിപാര്‍ശ ചെയ്തു.

മൂന്നാര്‍, ചിന്നക്കനാല്‍, ഏലമടക്കാടുകള്‍ എന്നിവിടങ്ങളില്‍ കൈയേറ്റവും അനധികൃത നിര്‍മ്മാണവും പെരുകുന്നു. ഏലമലക്കാടുകളില്‍ അനധികൃത കൈയേറ്റത്തിന് പുറമേ ഖനനവും നടക്കുന്നു. പ്രാദേശിക എതിര്‍പ്പുകാരണം ഈ കൈയേറ്റങ്ങളോ രേഖകളോ പരിശോധിക്കാനാവുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ 21 ശുപാര്‍ശകളും കമ്മീഷണര്‍ നല്‍കിയിട്ടുണ്ട്.

മൂന്നാറില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അതോറിറ്റി രൂപീകരിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. മൂന്നാറിനെ സ്പെഷ്യല്‍ ടൂറിസം സോണായി പ്രഖ്യാപിക്കണമെന്നും നിര്‍ദേശമുണ്ട്. ദേവികുളം കളക്ടര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം. ക്രമസമാധാനത്തില്‍ ഇടപെടാന്‍ എ.ആര്‍ ക്യാമ്പില്‍ നിന്നുള്ള പൊലീസ് വിഭാഗത്തെ കളക്ടറുടെ കീഴില്‍ കൊണ്ടുവരണം. ഏലം കൃഷിക്ക് നല്‍കിയ പാട്ട ഭൂമിയില്‍ റിസോര്‍ട്ട് നിര്‍മാണമാണ് നടക്കുന്നത്. മൂന്നാറിന്റെ ജൈവ പരിസ്ഥിതിക സവിശേഷതകള്‍ സംരക്ഷിക്കുന്നതിനും അതിനനുസൃതമായി കെട്ടിട നിര്‍മ്മാണം, ഭൂവിനിയോഗം, വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ അനുമതി, വിനോദസഞ്ചാര വികസന പരിപാടികള്‍ തുടങ്ങിയവ ഉറപ്പുവരുത്തുകയാണ് അതോറിറ്റിയുടെ ലക്ഷ്യം.

മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെതിരെ റവന്യൂവകുപ്പ് വീണ്ടും നടപടി ആരംഭിച്ചതോടെ പ്രാദേശികമായ എതിര്‍പ്പുകള്‍ ശക്തമായിട്ടുണ്ട്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ദേവികുളം സബ് കളക്ടറുടെ നടപടി ചോദ്യം ചെയ്ത് ഭരണകക്ഷിയായ സി.പി.എം സമരത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here