ഇടുക്കി: പാപ്പാത്തിച്ചോലയിൽ സർക്കാർ ഭൂമി കൈയേറി സ്ഥാപിച്ച ഭീമൻ കുരിശും കമ്പിവേലിയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പൊളിച്ചു നീക്കി.കുരിശിനു സമീപം നിർമിച്ചിരുന്ന ഷെഡുകളും പൊളിച്ച് കത്തിച്ചു. ദേവികുളം അഡീഷണൽ തഹസിൽദാർ പി.കെ സാജുവിന്‍റെ നതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി കൈയേറ്റം ഒഴിപ്പിച്ചത്.

രാവിലെ നാലു മണിയോടെ മണ്ണുമാന്തിയന്ത്രവും ട്രാക്ടറും ഉൾപ്പെടെ സകല സന്നാഹങ്ങളോടും കൂടിയാണ് ദൗത്യസംഘം കൈയേറ്റ ഭൂമിയിലെത്തിയത്. രാവിലെ എട്ടു മണിയോടു കൂടിയാണ് കുരിശ് പൊളിച്ചു നീക്കാൻ തുടങ്ങിയത്. ഒമ്പതരയോടെ പൊളിച്ചുമാറ്റി. കൃത്യമായ വഴിയില്ലാത്തതിനാൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വഴിവെട്ടിയാണ് സംഘം സ്ഥലത്തെത്തിച്ചേർന്നത്. ഇതിനിടെ വാഹനങ്ങൾ കുറുകെയിട്ടും മറ്റും വഴിമധ്യേ ചിലർ സംഘത്തെ തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് ഇവരെ നീക്കി.

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പിരിറ്റ് ഒാഫ് ജീസസ് എന്ന സംഘടന ഏതാനും മാസങ്ങൾക്ക് മുമ്പാണ് സർക്കാർ ഭൂമി കൈയ്യേറി കുരിശ് സ്ഥാപിച്ചത്. 15 അടിയോളം ഉയരമുള്ള കുരിശാണ് കോൺക്രീറ്റ് അടിത്തറയിൽ സ്ഥാപിച്ചിരുന്നത്. മൂന്നാം തവണയാണ് കൈയേറ്റം ഒഴിപ്പിക്കാനായി ദൗത്യസംഘം പാപ്പാത്തിച്ചോലയിൽ എത്തുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പപ്പാത്തി ചോലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here