തിരുവന്തപുരം: ഒ.രാജഗോപാലും സിപിഎമ്മും തമ്മിലുളള ധാരണയെ കുറിച്ച് പറയേണ്ട കാര്യമുണ്ടോയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. നേമത്ത് കോണ്‍ഗ്രസ് പിന്തുണയോടെയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന ഒ.രാജഗോപാലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി. ശബരിമല മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ കോണ്‍ഗ്രസ് ഉദ്ദേശിച്ചിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിൽ നിലപാട് വ്യക്തമാക്കുക മാത്രമാണ് ചെയ്യുന്നതെന്നും മുല്ലപ്പളളി പറഞ്ഞു.
സിപിഎമ്മിന്റെ നസ്പീക്കര്‍ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ വേണ്ടി തീരുമാനിച്ചപ്പോള്‍ ഒ രാജഗോപാല്‍ പറഞ്ഞത് പേരില്‍ രാമനുമുണ്ട് കൃഷ്ണനുമുണ്ട് ഇതിലപ്പുറം മറ്റൊരു സ്ഥാനാര്‍ഥിയെ കാണുന്നില്ല എന്നായിരുന്നു. അപ്പോള്‍ തന്നെ അന്തര്‍ധാര ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. സിപിഎം സ്പീക്കര്‍ സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുക, എന്നിട്ട് മതപരമായ മാനം കൊടുത്ത് ന്യായീകരിക്കുക അതാണ് രാജഗോപാല്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുല്ലപ്പളളി പറഞ്ഞു. ‘സിപിഎം നേതാക്കളുടെ നിലപാടുകളിലെ വൈരുധ്യം ചൂണ്ടിക്കാണിക്കണ്ടേ. യെച്ചൂരി ഒന്ന് പറയുന്നു മുഖ്യമന്ത്രി പലവട്ടം വാക്ക് മാറ്റിപറയുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ തിരുവനന്തപുരത്തുളള മന്ത്രി മറ്റൊന്ന് പറയുന്നു. അദ്ദേഹം വിലാപ കാവ്യം രചിച്ചുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്. അദ്ദേഹം പറയുന്നു എന്റെ മനസ്സ് വേദനിക്കുന്നു, നിലപാട് തെറ്റാണ് എന്ന്. എന്താണ് ശബരിമല വിഷയത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വ്യക്തമായ നിലപാട്. അത് ഇനിയെങ്കിലും വിശദീകരിക്കണം. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുടെ നിലപാടാണോ പിണറായി വിജയന്റെ നിലപാടാണോ, മുഖ്യമന്ത്രിയുടെ വിശ്വസ്തനായ കടകംപള്ളിയുടെ അഭിപ്രായമാണോ ശരി.’ മുല്ലപ്പള്ളി ചോദിച്ചു.
ഇഡിക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്ത നടപടി തെരഞ്ഞെടുപ്പ് കാലത്ത് ജനശ്രദ്ധ തിരിക്കാനുളള ഒരു അടവ് തന്ത്രമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു