തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷസ്ഥാനം മുല്ലപ്പളളി രാമചന്ദ്രന്‍ ഒഴിഞ്ഞേക്കും. രാഷ്ട്രീയകാര്യ സമിതിയോഗം വിളിച്ചുചേര്‍ത്തശേഷം തീരുമാനം പ്രഖ്യാപിക്കാനാണ് സാദ്ധ്യത. സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം മുല്ലപ്പളളിയുടെ രാജിയ്‌ക്ക് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുറവിളി കൂട്ടുന്നതിനിടെയാണ് അദ്ദേഹം രാജിവയ്‌ക്കാനൊരുങ്ങുന്നത്. മേല്‍ത്തട്ടിലെ ആവേശത്തിനപ്പുറം സംഘടനാസംവിധാനം തകര്‍ന്നടിഞ്ഞതിന്റെ ചോദ്യങ്ങളാണ് മുല്ലപ്പളളിക്ക് നേരെ ഉയരുന്നത്.

ഉത്തരവാദിത്തം ഏറ്റെടുത്ത് ഒഴിയുന്നതാണ് ഉചിതമെന്ന് ദേശീയ നേതൃത്വവും മുല്ലപ്പളളിയെ അറിയിച്ചെന്നാണ് വിവരം. മുല്ലപ്പളളിയുടെ അന്തിമ തീരുമാനം എന്തെന്ന് അറിഞ്ഞശേഷം മതി തുടര്‍നടപടികള്‍ എന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. രാഷ്‌ട്രീയകാര്യ സമിതി യോഗം വിളിച്ചു ചേര്‍ത്ത് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം രാജി മതിയെന്നാണ് മുല്ലപ്പളളിക്ക് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും നല്‍കിയിരിക്കുന്ന ഉപദേശം. കഴിഞ്ഞദിവസം കന്റോണ്‍മെന്റ് ഹൗസില്‍ മൂവരും ഒന്നിച്ചിരുന്ന് തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്തി.

മുല്ലപ്പളളിക്ക് പകരം ആര് കെ പി സി സി അദ്ധ്യക്ഷനാകുമെന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും. മുല്ലപ്പളളി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരനെ പരിഗണിക്കാനായിരുന്നു നേരത്തെ ഹൈക്കമാന്‍ഡ് താത്പര്യപ്പെട്ടിരുന്നത്. തന്റെ പ്രസിഡന്റ് സാദ്ധ്യത ഇനിയും അടഞ്ഞിട്ടില്ലാത്തിനാലാണ്, കനത്തതോല്‍വിയിലും നേതൃത്വത്തിനെതിരെ കെ സുധാകരന്‍ വിമര്‍ശനം ഉന്നയിക്കാത്തത്.

പ്രതിപക്ഷ നേതാവ് ആരാകും?

ഐ ഗ്രൂപ്പുകാരനായ സുധാകരന്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തിയാല്‍ പ്രതിപക്ഷനേതൃസ്ഥാനം എ ഗ്രൂപ്പ് ആവശ്യപ്പെടാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ കേരളത്തിലെ ഗ്രൂപ്പ് രാഷ്‌ട്രീയത്തിന് ഇനിയും ഹൈക്കമാന്‍ഡ് ചെവികൊടുക്കുമോയെന്ന കാര്യം കണ്ടറിയേണ്ടതാണ്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഐ ഗ്രൂപ്പിനാണ് മുന്‍തൂക്കം. ജയിച്ചുവന്ന എം എല്‍ എമാരില്‍ പന്ത്രണ്ട് പേര്‍ ഐ ഗ്രൂപ്പും പത്ത് പേര്‍ എ ഗ്രൂപ്പുമാണ്. ഐ ഗ്രൂപ്പില്‍ നിന്ന് വി ഡി സതീശന്‍, എ ഗ്രൂപ്പില്‍ നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, പി ടി തോമസ് എന്നിവരുടെ പേരുകളാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്.

അതേസമയം, പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും രമേശ്‌ ചെന്നിത്തല മാറേണ്ട സാഹചര്യം ഇല്ലെന്നാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. സ്ഥാനം ഒഴിഞ്ഞേക്കും എന്ന് ചെന്നിത്തല സൂചിപ്പിച്ചതോടെ ആണ് ഗ്രൂപ്പ് എതിര്‍പ്പ് ഉയര്‍ത്തുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല നടത്തിയത് മികച്ച പ്രവര്‍ത്തനം ആണെന്നും അതിനു പാര്‍ട്ടി പിന്തുണ വേണ്ടത്ര കിട്ടിയില്ല എന്നുമാണ് ഗ്രൂപ്പിന്റെ പരാതി. ചെന്നിത്തല തുടരുന്നതിലും ഹൈക്കമാന്‍ഡ് ആയിരിക്കും അന്തിമ നിലപാട് സ്വീകരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here