മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി; വൈദ്യുതോത്പാദനം നിർത്തിവച്ചു, സംസ്​ഥാനത്ത്​ വൈദ്യുതി നിയന്ത്രണം

ഇടുക്കി: മൂലമറ്റം പവര്‍ഹൗസിലെ ജനറേറ്ററില്‍ പൊട്ടിത്തെറി. നാലാം നമ്പർ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. ജനറേറ്റർ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു പൊട്ടിത്തെറി. ഇതേ തുടര്‍ന്ന് മൂലമറ്റത്തെ വൈദ്യുതോത്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്. പരിമിത തോതില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.പൊട്ടിത്തെറിയിൽ ആളപായമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി. തകരാർ പരിഹരിച്ചു ഉല്പാദനം പുനസ്ഥാപിക്കുവാനുള്ള ശ്രമം നടന്നു വരുന്നു.

നാലാം നമ്പർ ജനറേറ്ററി​​ൻറ ഭാഗമായ ഐസൊലേറ്ററിലാണ് പൊട്ടിത്തെറി ഉണ്ടായത് എന്നാണ് ​ പ്രാഥമിക വിവരം. ജനറേറ്ററുകൾ മുഴുവൻ പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ്​ സംഭവം. ​ ഒരെണ്ണത്തിൽ പൊട്ടിത്തെറി ഉണ്ടായതോടെ ശേഷിച്ച അഞ്ച്​ മെഷീനുക​ൾ ​ അടിയന്തിരമായി നിർത്തിവെച്ചു. വെള്ളിയാഴ്​ച രാത്രി ഏഴിനാണ്​ ഓക്​സിലറി സിസ്​റ്റത്തിൽ തകരാറുണ്ടായത്​​. ജനറേറ്ററിന്​ തൊട്ടുചേർന്ന്​ ഉദ്യോഗസ്​ഥരുണ്ടായിരുന്നില്ലാത്തതിനാൽ അപകടം ഒഴിവായി. പീക്ക്​ അവറിൽ തകരാറുണ്ടായതിനാൽ വൈദ്യുതി ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ സംസ്​ഥാനത്ത്​ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. 130 മെഗാവാട്ടി​ൻറ ആറ്​ മെഷീനുകളാണ്​ മൂലമറ്റം നിലയത്തിലുള്ളത്​. പീക്ക്​ അവറിലായതിനാൽ ഇവയെല്ലാം പൂർണതോതിൽ പ്രവർത്തിക്കുകയായിരുന്നു. 780 മെഗാവാട്ടാണ്​ പൂർണ ഉൽപാദന ശേഷി. തകരാർ നീക്കി വൈദ്യുതി ഉൽപാദനം പുന:രാരംഭിക്കുന്നതിന്​ ശ്രമം നടന്നുവരികയാണെന്ന്​ വൈദ്യുതി വകുപ്പ്​ അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here