ചൈനയും പാകിസ്ഥാനും ഇനി ചെറുവിരലനക്കിയാലും ആ നിമിഷം ഇന്ത്യ അറിയും, ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ അമേരിക്കയില്‍ നിന്നെത്തുന്നത് ഒരു സൂപ്പര്‍ ഹീറോ

ന്യൂഡല്‍ഹി: ചൈനയുടെയും പാകിസ്ഥാന്റെയും ഭീഷണിയെ സമര്‍ത്ഥമായി നേരിടുന്നതിന് ഇന്ത്യ അമേരിക്കയില്‍ നിന്ന് ആയുധങ്ങള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ വാങ്ങുന്നു. മുപ്പത് ഡ്രോണുകള്‍ വാങ്ങാനാണ് കേന്ദ്രം അനുമതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. സാന്റിയാഗോ ആസ്ഥാനമായ ജനല്‍ ആറ്റോമിക് നിര്‍മ്മിക്കുന്ന എംക്യു-9 ബി പ്രിഡേറ്റര്‍ ഡ്രോണുകളാണ് വാങ്ങുന്നത്. മൂന്ന് ബില്യണ്‍ ഡോളറാണ് ഇതിന് ചെലവുവരുന്നത്. അടുത്തമാസത്തോട‌െ കരാറിന് അംഗീകാരം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കന്‍ നിര്‍മ്മിത ഡ്രോണുകള്‍ കൂടി എത്തുന്നതോടെ ഇന്ത്യന്‍ സൈന്യം ഒന്നുകൂടി ശക്തമാകും. മോദി സര്‍ക്കാര്‍ സൈനിക നവീകരണത്തിനായി 250 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ തീരുമാനിച്ചിരുന്നു. 10വര്‍ഷം കൊണ്ടാണ് ഇത്രയു തുക ചെലവിടുന്നത്. ഇതിന്റെ ഭാഗമായാണ് ഡ്രോണുകള്‍ വാങ്ങുന്നത്. മറ്റന്നാള്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ നടത്തുന്ന ചര്‍ച്ചയില്‍ ഡ്രോണുകളുടെ കാര്യവും ഉയര്‍ന്നുവന്നേക്കും. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി അടുത്തമാസം ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. കരാറിന്റെ ഭാഗമാണ് ഇതും എന്നാണ് അറിയുന്നത്.

48 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ കഴിവുള്ളതാണ് എംക്യു-9 ബി ഡ്രോണുകള്‍. ഇവയ്ക്ക് 1700 കിലോ ഭാരം വഹിക്കാനും കഴിയും. മണിക്കൂറില്‍ 388 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാനാകുന്ന ഇവക്ക് 40,000 അടി വരെ ഉയരത്തിലെത്താനാകും.ഇന്ധനം നിറയ്ക്കാതെ 48.2 മണിക്കൂര്‍ നിറുത്താതെ പറന്ന് എംക്യു-9 ബി ഡ്രോണുകള്‍ റെക്കോഡിട്ടിരുന്നു. രണ്ട് ദിവസം നിറുത്താതെ പറന്ന് ശേഷിക്കുന്ന ഇന്ധനവുമായാണ് ഇവ ഭൂമിയില്‍ തിരിച്ചെത്തിയത്. പ്രധാനമായും ഭീകരവാദികളെ നേരിടുന്നതിനാണ് അമേരിക്കന്‍ സൈന്യം എംക്യു-9 ബി ഡ്രോണുകളെ ഉപയോഗിക്കുന്നത്. ഇതേ ഡ്രോണിന്റെ മറ്റൊരു രൂപമായ സീ ഗാര്‍ഡിയന്‍ സമുദ്ര, സമുദ്രതീര നിരീക്ഷണത്തിനാണ് ഉപയോഗിക്കുന്നത്.

.അതിര്‍ത്തിപ്രദേശങ്ങളില്‍ ഉള്‍പ്പടെ ചെറു നീക്കങ്ങള്‍ ഉണ്ടായാല്‍ പോലും കണ്ടെത്താന്‍ ഇവയ്ക്ക് കഴിയും. ഇന്ത്യന്‍ മഹാസമുദ്രത്തിലും അതിര്‍ത്തി പ്രദേശങ്ങളിലുമാവും ഇവയെ കൂടുതല്‍ നിയോഗിക്കുക. യുദ്ധക്കപ്പലുകളെ ഉള്‍പ്പടെ നിരീക്ഷിച്ച്‌ ഉടനടി നടപടികള്‍ കൈക്കൊള്ളാന്‍ സൈന്യത്തിനെ പ്രാപ്തരാക്കും. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുകയും ആവശ്യമെങ്കില്‍ അവര്‍ക്കതിരെ ആയുധം പ്രയോഗിക്കാനും ഇവയ്ക്ക് കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here