ചാലക്കുടി: തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണം ചൂടു പിടിക്കുകയാണ്. ഇതിനിടയിൽ തന്റെ പേരിൽ വ്യാജ പ്രചരണം നടക്കുന്നുവെന്ന് ആരോപിച്ച് നടനും മുൻ എം പിയുമായ ഇന്നസെന്റ് സൈബർ സെല്ലിനെ സമീപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്നസെന്റ് യു ഡി എഫിനെ പിന്തുണയ്ക്കുന്നുവെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തുന്നതിന് എതിരെയാണ് ഇന്നസെന്റ് സൈബർ സെല്ലിൽ പരാതി നൽകിയത്.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ ഡി എഫിന് വേണ്ടി പ്രവർത്തിക്കുകയും എൽ ഡി എഫിന്റെ പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു വരികയാണ്. എന്നാൽ, ഇത്തവണ തെരഞ്ഞെടുപ്പിൽ ഇന്നസെന്റ് യു ഡി എഫിന് പിന്തുണയ്ക്കുകയാണെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടക്കുന്നത്. ഇതിന് എതിരെയാണ് ഇന്നസെന്റ് സൈബർ സെല്ലിനെ പരാതിയുമായി സമീപിച്ചിരിക്കുന്നത്.
ഫേസ്ബുക്ക്, വാട്സ് ആപ്പ്, ടെലഗ്രാം ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ പ്രചരണം നടക്കുന്നുവെന്നാണ് പരാതി. ഇന്നസെന്റ് പറഞ്ഞതെന്ന പേരിൽ വ്യാജമായി പ്രചരിക്കുന്ന സന്ദേശം ഇങ്ങനെ,
കോൺഗ്രസിന്റെ തിരിച്ചു വരവ് ഈ കാലഘട്ടത്തിന്റെ ആവശ്യം ആണ് എന്ന് ഇന്നസെന്റ്. എന്റ് ചില പരസ്യങ്ങൾ തെറ്റിപ്പോയി എന്ന് തോന്നുന്നു’ – ഇന്നസെന്റ് സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്ത രീതിയിലാണ് ഈ സന്ദേശം പ്രചരിക്കുന്നത്. അതേസമയം, ഈ സന്ദേശം വ്യാജമാണെന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ ഇന്നസെന്റ് തന്നെ കഴിഞ്ഞദിവസം ഒരു കുറിപ്പ് പങ്കു വച്ചിരുന്നു.
‘ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോൺഗ്രസ് തിരിച്ചു വരണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം. എന്റെ പിതാവിലൂടെ എന്നിലേക്ക് പകർന്നതാണ് എന്റെ രാഷ്ട്രീയം. കരുതലിന്റേയും വികസനത്തിന്റേയും തുടർ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാൻ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ല.’
എന്നാൽ, തന്റെ പേരിൽ പ്രചരിക്കുന്ന പ്രചരണം വ്യാജമാണെന്ന് വ്യക്തമാക്കി ഫേസ്ബുക്കിൽ കുറിപ്പ് പങ്കു വച്ചിട്ടും വ്യാജ പ്രചരണം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സൈബർ സെല്ലിൽ പരാതി നൽകാൻ ഇന്നസെന്റ് തീരുമാനിച്ചത്. തന്റെ പിതാവിലൂടെ തന്നിലേക്ക് പകർന്നതാണ് തന്റെ രാഷ്ട്രീയം എന്നും കരുതലിന്റേയും വികസനത്തിന്റേയും തുടർ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് തനിക്കുമുള്ളതെന്നും ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു.