തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച 15 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് അഞ്ചും കണ്ണൂരില്‍ നാലും കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളില്‍ രണ്ടു വീതവും പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ രോഗബാധിതരുടെ എണ്ണം 67 ആയി. കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വെള്ളി, ശനി ദിവസങ്ങളില്‍ 12 പേര്‍ക്കു വീതമാണ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ 59,981 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 314 പേര് ആശുപത്രികളിലാണ്. 9,776 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കൂടുതല്‍ പേരിലേക്കു വയറസ് ബാധ ഉണ്ടാകാതിരിക്കാന്‍ സുരക്ഷാ മുന്‍കരുതലുകള്‍ സര്‍ക്കാര്‍ കര്‍ശനമാക്കുകയാണ്. വൈദ്യുതി ബോര്‍ഡിന്റെ ക്യാഷ് കൗണ്ടറുകള്‍ ഈ മാസം പ്രവര്‍ത്തിക്കില്ല. മാര്‍ച്ച് 31 വരെ മീറ്റര്‍ റീഡിങ്ങും നിര്‍ത്തിവയ്ക്കും.