ഡല്‍ഹി: ഡല്‍ഹിയില്‍ കര്‍ഷക സമരം കടുക്കുന്നിനിടെ മുന്നറിയിപ്പുകളില്ലാതെ ഡല്‍ഹിയിലെ രഖബ് ഗഞ്ച് സാഹിബ് ഗുരുദ്വാര സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരു തേഖ് ബഹാദുറിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായിട്ടാണ് മുന്‍കൂര്‍ അറിയിപ്പില്ലാതെ മോദി ഗുരുദ്വാരയിലെത്തിയത്. ശനിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ ചരമവാര്‍ഷികം.
ഗതാഗത നിയന്ത്രണങ്ങളില്ലാതെ, സാധാരണക്കാരെ തടയാതെയായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. ഗുരുദ്വാരയിലെത്തിയ മോദി പ്രാര്‍ത്ഥനകള്‍ നടത്തി മടങ്ങി. ഒന്‍പതാം സിഖ് ഗുരുവായ ഗുരു തേഖ് ബഹാദുറിന്റെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്തിരിക്കുന്നത് രഖബ്ഗഞ്ചിലെ ഈ ഗുരുദ്വാരയിലാണ്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം ശക്തമാകുന്നതിനിടെയുള്ള മോദിയുടെ ഗുരുദ്വാര സന്ദര്‍ശനം കര്‍ഷകര്‍ക്കിടയില്‍ മാറ്റം കൊണ്ടുവരുമെന്നാണു കണക്കാക്കപ്പെടുന്നത്.
ഗുരുദ്വര സന്ദര്‍ശിച്ച വിവരം പഞ്ചാബിയിലാണ് മോദി ട്വീറ്റു ചെയ്തു അറിയിച്ചത്. അതേസമയം, വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധം ഡല്‍ഹിയില്‍ ശക്തിപ്പെടുകയാണ്. സമരം 25ാം ദിവസത്തിലേക്ക് കടന്നു. സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന അനുനയ നീക്കങ്ങളോട് കര്‍ഷകര്‍ സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചിരുന്നു.
വിവിധ പ്രാദേശിക ഭാഷകളിലായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമായി കൂടിക്കാഴ്ച നടത്തി. മൂന്നു ദിവസത്തിനകം കര്‍ഷകരുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. സുപ്രീംകോടതിയിലെ കേസില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് അഭിഭാഷകരുമായി കര്‍ഷക സംഘടനകളുടെ ചര്‍ച്ച തുടരുകയാണ്.
അതേസമയം കടുത്ത തീരുമാനവുമായി ആര്.എല്‍.പി മുന്നോട്ട് പോകുന്നത് കേന്ദ്രത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്. പാര്‍ലമെന്ററി സമിതികളില്‍ നിന്ന് ആര്.എല്‍.പി അധ്യക്ഷനും എംപിയുമായ ഹനുമാന് ബേനിവാള്‍ രാജിവെച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിനു വീര്യം കൂട്ടാന്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു.
മധ്യപ്രദേശില്‍ നിന്നുള്ള ആയിരത്തോളം കര്‍ഷകര്‍ കഴിഞ്ഞ ദിവസം പദയാത്ര ആരംഭിച്ചതിനു പിന്നാലെ മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ളവരും ഡല്‍ഹിയിലേക്കു പ്രകടനം നടത്തുമെന്നു പ്രഖ്യാപിച്ചു.
വിവാദ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന കേന്ദ്രത്തിനെതിരെ പൊരുതാന്‍ കൂടുതല്‍ കര്‍ഷകരെ രംഗത്തിറക്കണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മറ്റു സംസ്ഥാനങ്ങളിലെ കര്‍ഷക കൂട്ടായ്മകളെ പ്രക്ഷോഭകര്‍ ബന്ധപ്പെട്ടത്. പഞ്ചാബ്, ഹരിയാന, യുപി എന്നിവയ്ക്കു പുറമേ മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും കര്ഷകരെത്തുന്നതോടെ ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ പാതകള്‍ വരും ദിവസങ്ങളില്‍ തടയുമെന്നു കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്കി.