ജി7 ഉച്ചകോടി‍യ്ക്ക് മോദിയെ ക്ഷണിച്ച്‌ ബ്രിട്ടന്‍; ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലെത്തും

ദില്ലി: ജൂണില്‍ ബ്രിട്ടനില്‍ നടക്കുന്ന ജി7 രാജ്യങ്ങളുടെ ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ബ്രിട്ടനിലെ കോണ്‍വാള്‍ മേഖലയിലാണ് ഉച്ചകോടി നടക്കുക. ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവരാണ് ജി7 സംഘത്തിലുള്ളത്. കൊറോണവൈറസ്, കാലാവസ്ഥാ വ്യതിയാനം, വ്യാപാരം തുടങ്ങിയ പ്രധാന കാര്യങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും. ഇന്ത്യയ്ക്ക് പുറമെ ദക്ഷിണാഫ്രിക്ക, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

അതേസമയം, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും. റിപബ്ലിക് ദിനത്തില്‍ അതിഥിയായി അദ്ദേഹം എത്തുമെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍. ഇന്ത്യ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൊറോണയുടെ പുതിയ വകഭേദം ബ്രിട്ടനില്‍ കണ്ടതിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനം റദ്ദാക്കിയത്. ഇത്തവണ വിദേശ അതിഥികളില്ലാതെയാണ് ഇന്ത്യയുടെ റിപബ്ലിക് ദിനാഘോഷം. ജി7 ഉച്ചകോടിക്ക് മുമ്ബ് ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും ബ്രിട്ടന്‍ അറിയിച്ചു.

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായി വരികയാണ്. കൊറോണ പ്രതിരോധത്തിന് ഇരുരാജ്യങ്ങളും സഹകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്നു. ബോറിസ് ജോണ്‍സണും നരേന്ദ്ര മോദിയും ആശയവിനിമയം നടത്താറുണ്ടെന്നും ബ്രിട്ടന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ആധുനിക ലോകത്ത് കൊറോണ വലിയ നാശമാണ് വിതച്ചത്. സുന്ദരമായ ഭാവിക്ക് വേണ്ടി ഐക്യത്തോടെ നാം വെല്ലുവിളിയെ നേരിട്ടുവെന്നും കുറിപ്പില്‍ പറയുന്നു. കൊറോണയുടെ പുതിയ വകഭേദം ബ്രിട്ടനില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യ ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here