കോവിഡ് വ്യാപനം; ഏപ്രില്‍ എട്ടിന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തിലത്തില്‍ സ്ഥിതിദഗതികള്‍ വിലയിരുത്തുന്നതിനായി ഏപ്രില്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. ഒരു ദിവസം ഒരു ലക്ഷത്തിലേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ബ്രസീലിനെയും യുഎസിനെയും മറികടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1.03 ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പുതിയ തരംഗം രാജ്യം അഭിമുഖീകരിക്കുന്നതിനാല്‍ കഴിഞ്ഞ ആഴ്ച ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു. 11 സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷാകുന്നത് രാജ്യത്ത് വെല്ലുവിളി സൃഷ്ടിക്കുന്നു. മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, കേരളം, ഛത്തീസ്ഗഢ്, ഛണ്ഡിഗഢ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, ഹരിയാന എന്നിവയാണ് വൈറസ് വ്യാപനം ശക്തമായ സംസ്ഥാനങ്ങള്‍.

എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സ്റ്റാന്‍ഡേര്‍ഡ് ത്‌ലിനിക്കല്‍ മനേജ്‌മെന്റ് പ്രോട്ടോക്കോള്‍ പാലിച്ച് സജീവമായ കോസുകളും ദൈനംദിന മരണങ്ങളും കുറയ്ക്കാനും ഇതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം നാളെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ ഉന്നതതല യോഗം വിളിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. മഹാരാഷ്ട്രയിലെ സ്ഥിതി ആശങ്കജനകമായി തുടരുകയാണ്. അതേസമയം കോവിഡ് വ്യാപനം തടയുന്നതിനായി കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ വാരാന്ത്യങ്ങളിലും വെള്ളിയാഴ്ച രാത്രി എട്ടു മണി മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴുമണി വരെയാണ് ലോക്ഡൗണ്‍ ഉണ്ടാവുക. വാരാന്ത്യ ലോക്ഡൗണ്‍ കൂടാതെ തിങ്കളാഴ്ച രാത്രി എട്ടു മണി മുതല്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് മന്ത്രിസഭ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

രാത്രി കര്‍ഫ്യൂ തുടരുമെന്നും പകല്‍ സമയത്ത് 144 പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘വാരാന്ത്യ ലോക്ഡൗണിന് പുറമേ നാളെ രാത്രി മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകും. ഷോപ്പിങ് മാള്‍, ബാറുകള്‍, റെസ്റ്റോറന്റ്, ചെറിയ ഷോപ്പുകള്‍ എന്നിവ പാഴ്‌സലുകള്‍ക്കായി മാത്രം തുറക്കുന്നതാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ”അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here