തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. മുൻ ഗൺമാന്‍ ജയഘോഷിനെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൽ തുമ്പ പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഭാര്യയെ ജയഘോഷ്  ജോലി സ്ഥലത്ത് എത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാണാതായത്. ജയഘോഷിന്റെ സ്‌കൂട്ടര്‍ നേമം പോലീസ് കണ്ടെടുത്തിട്ടുണ്ട്.

താൻ മാനസിക സംഘര്‍ഷത്തിലാണെന്നും തല്‍ക്കാലം മാറിനില്‍ക്കുകയാണെന്നും അറിയിച്ചുള്ള കത്തും പോലീസിന് ലഭിച്ചിട്ടുണ്ട്. യു.എ.ഇ കോൺസുലേറ്റിലെ നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് അന്വേഷണം നടക്കവേ കഴിഞ്ഞ ജൂലായ് 16 ന് രാത്രി ജയഘോഷിനെ കാണാതായെങ്കിലും പിറ്റേന്ന് വീട്ടിനടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.

നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യു.എ.ഇ കോൺസുലേറ്റിലെ ഗൺമാനായ ജയഘോഷിനെ കസ്റ്റംസും എൻ.ഐ.എയും ചോദ്യം ചെയ്തിരുന്നു. കോൺസുലേറ്റ് വിലാസത്തിൽ ദുബായിൽ നിന്നും സ്വർണം അയച്ച ഫൈസൽ ഫരീദിന് വിമാനത്താവളത്തിൽ പരിശോധന ഇല്ലാതെ കടക്കാൻ സൗകര്യം ഒരുക്കിയത് ജയഘോഷുമായി ബന്ധമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥാനാണെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.

ഇതിനിടെ തനിക്കു വധഭീഷണിയുണ്ടെന്നു കാണിച്ച് ജയഘോഷ് നൽകിയ പരാതി കെട്ടിച്ചമച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സ്വർണക്കടത്തു കേസ് പുറത്തുവന്നതിനു പിന്നാലെ ജയഘോഷ് ആത്മഹത്യാശ്രമം നടത്തിയിരുന്നു.

ഇതിനിടെ വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ലൈഫ്മിഷൻ പദ്ധതിയിൽ സന്തോഷ് ഈപ്പൻ യു.എ.ഇ. കോൺസുൽ ജനറൽ അടക്കമുള്ളവർക്ക്  കോഴ നൽകിയെന്നാണ് ഇ.ഡിയുടെ ആരോപണം. ഇന്ത്യൻ രൂപ വിദേശ കറൻസിയിലേക്ക് മാറ്റാനും സന്തോഷ് ഈപ്പൻ സ്വപ്ന അടക്കമുള്ള പ്രതികളെ സഹായിച്ചു. കേസിൽ സന്തോഷ് ഈപ്പനെ ഇ.ഡി. വീണ്ടും ചോദ്യം ചെയ്യും. സ്വപ്ന നൽകിയ അവസാനമൊഴിയിൽ സന്തോഷ് ഈപ്പൻ ആറ് കോടി രൂപ കോഴയായി നൽകിയതായി സൂചിപ്പിക്കുന്നുണ്ട്. ഇത് യു.എ.ഇ കോൺസുൽ ജനറൽ അടക്കമുള്ളവരുടെ കോഴപ്പണമാണെന്നാണ് ഇ.ഡിയുടെ നിഗമനം.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ നടന്ന ക്രമക്കേട് സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ഇ.ഡി.തയ്യാറെടുക്കുകയാണ്. ലൈഫ്മിഷൻ പദ്ധതിയുടെ മറവിൽ നടന്ന പണമിടപാടുകളും ക്രമക്കേടുകളും അന്വേഷണത്തിൻ്റെ പരിധിയിൽ വരും. പ്രാഥമികമായി സന്തോഷ് ഈപ്പനെയാണ് പ്രതിചേർത്തതെങ്കിലും കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെടും. സന്തോഷ് ഈപ്പനെ ചോദ്യം ചെയ്ത ശേഷമായിരിക്കും മറ്റ് പ്രതികളിലേക്ക് കടക്കുക.

ശിവശങ്കർ, സ്വപ്ന സുരേഷ്, സരിത്, യു.എ.ഇ കോൺസുലേറ്റ് അക്കൗണ്ടൻ്റ് ഖാലിദ്, കോൺസുൽ ജനറൽ തുടങ്ങിയവർ പ്രതിപ്പട്ടികയിൽ ഉൾപ്പെടാൻ സാധ്യത ഏറെയാണ്. കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിൻ്റെ പങ്കാളിത്തം ഇ.ഡി.നേരത്തെ തന്നെ കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ലൈഫ് മിഷൻ സി.ഇ.ഒ സ്ഥാനം ഒഴിഞ്ഞ ശേഷവും ശിവശങ്കർ ലൈഫ് മിഷൻ പദ്ധതികളിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴത്തെ സി.ഇ.ഒ. യു.വി.ജോസ്, തൻ്റെ മൊഴികളിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ശിവശങ്കർ വഴിയാണ് താൻ യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ കണ്ടതെന്നും യു.വി.ജോസ് മൊഴി നൽകിട്ടുണ്ട്. ഈ പദ്ധതിയിൽ ശിവശങ്കർ കോഴ കൈപ്പറ്റി എന്നതിന് മതിയായ തെളിവുകൾ ഉണ്ട് എന്നും ഇ.ഡി. കോടതിയെ അറിയിച്ചു. ശിവശങ്കർ കളങ്കിതനായ ഉദ്യോഗസ്ഥനാണെന്നും ഇ.ഡി. സമർത്ഥിക്കുന്നുണ്ട്.
ലൈഫ് മിഷനിലും സ്വർണ്ണക്കടത്തിലും ശിവശങ്കർ കോഴ വാങ്ങി എന്നത് വാട്സ് ആപ് ചാറ്റ് വഴി മാത്രമല്ല സ്ഥിരീകരിക്കുന്നതെന്ന് ഇ.ഡി. കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വപ്നയുടെ മൊഴിയിലും ഇത് സമ്മതിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here