തൃശൂര്‍: ഏഴു മണിക്ക് മുന്‍പ് തന്നെ വോട്ട് ചെയ്ത മന്ത്രി എ സി മൊയ്ദ്ദീന്റെ നടപടി വിവാദത്തില്‍. പോളിംഗ് ഔദ്യോഗികമായി തുടങ്ങുന്നതിന് മുന്‍പ് തന്നെ മന്ത്രി വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് പോളിംഗിന്റെ ഔദ്യോഗിക സമയം. മന്ത്രി എ സി മൊയ്ദ്ദീന്‍ രാവിലെ 6.56 നാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ജില്ലാകളക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചില്‍ ഏഴ് മണി ആയപ്പോഴാണ് വോട്ടിംഗ് തുടങ്ങിയത്. ചട്ടവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ക്ക് നല്കി. ……
മന്ത്രിയുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കര എംഎല്‍എ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് ഏജന്റ് പോളിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പതിവുപോലെ തെക്കുംകരയിലെ ബൂത്തില്‍ ആദ്യം വോട്ട് രേഖപ്പെടുത്താന്‍ മന്ത്രി മൊയ്തീന് ക്യൂവിലുണ്ടായിരുന്നു.രാവിലെ 6.40 ന് മന്ത്രി ബൂത്തിലെത്തി ക്യൂ നിന്നു. വരിയിലെ ഒന്നാമനും മന്ത്രിയായിരുന്നു.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ശേഷം 6.55ഓടെ പോളിങ് ഉദ്യോഗസ്ഥര്‍ മന്ത്രിയോട് വോട്ട് രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടു. മന്ത്രി ബൂത്തില്‍ കയറി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഈ സമയത്ത് ബൂത്തിലുണ്ടായിരുന്ന പോളിങ് ഏജന്റുമാരോ മറ്റാരെങ്കിലുമോ ഇതില്‍ ഏതെങ്കിലും തരത്തില്‍ എതിര്‍പ്പറിയിച്ചില്ല. മന്ത്രി ബൂത്ത് വിട്ട പോയ ശേഷം ഇക്കാര്യം വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര മന്ത്രി മൊയ്തീനെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു.