ഭാരതപ്പുഴയില്‍ കണ്ടെത്തിയത് ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍, ഇവ കുറ്റിപ്പുറത്ത് എത്തിയത് ദുരൂഹം, ചുരുളഴിക്കാന്‍ ദേശീയ ഏജന്‍സികള്‍ രംഗത്ത്

0
35

മലപ്പുറം: മലപ്പുറം കുറ്റിപ്പുറം ഭാരതപ്പുഴ മേല്‍പ്പാലത്തിന് അടിയില്‍ നിന്നും കണ്ടെത്തിയത് സൈന്യം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിഭാഗത്തില്‍പ്പെട്ട ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍. ദേശീയ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി.
ബാഗിനകത്തും മണലിലുമായി അഞ്ച് സ്‌ഫോടക വസ്തുക്കളാണ് ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാത്രി സമീപവാസിയാണ് ഇവ കണ്ടത്. ഉടന്‍ ഫോട്ടോസഹിതം പോലീസില്‍ വിവരം നല്‍കി. പിന്നീട് പോലീസെത്തി പരിശോധിച്ചപ്പോഴാണ് സൈനികര്‍ ഉപയോഗിക്കുന്ന മൈന്‍ വിഭാഗത്തില്‍പ്പെട്ട സ്‌ഫോടക വസ്തുക്കളാണെന്ന് വ്യക്തമായത്. അഞ്ചെണ്ണവും കാലാവധി കഴിഞ്ഞവയാണ്. മിലിട്ടറി ഇന്റലിജന്‍സും ദേശീയ അന്വേഷണ ഏജന്‍സിയും സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാവോയിസ്റ്റ് ഗ്രൂപ്പുകളെയും തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
സംഭവസ്ഥലത്ത് തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍. അജിത്ത്കുമാറും സംഘവും പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് കുറിച്ചന്വേഷിക്കാന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബഹ്‌റയെ ചുമതലപ്പെടുത്തി. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സ്ഥലം ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധിച്ചു. ഇവ എങ്ങനെ കുറ്റിപ്പുറത്ത് എത്തി എന്ന കാര്യത്തില്‍ ദുരൂഹതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here