മുംബൈ: ലോക്ക്ഡൗണ്‍ ലംഘിച്ച് മുംബൈയില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. മുംബൈ ബാന്ദ്രയില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ പോലീസ് ലാത്തി വീശി. നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ടാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. ചേരിപ്രദേശത്തെ ആളുകളും പ്രക്ഷോഭത്തില്‍ പങ്കെടുത്തു. പോലീസിന്റെ മുന്നറിയിപ്പ് പല തവണ അവഗണിച്ചതോടെയാണ് ലാത്തിചാര്‍ജ് ഉണ്ടായത്.

പ്രതിഷേധത്തെ ചൊല്ലി കേന്ദ്ര സര്‍ക്കാരും മഹാരാഷ്ട്ര സര്‍ക്കാരും തമ്മില്‍ വാക്‌പോരും ഉടലെടുത്തു. ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ വിളിച്ച് ആശങ്കയറിയിച്ചു. മഹാരാഷ്ട്ര സര്‍ക്കാരിനു എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേടാണ് ബാന്ദ്രയിലടക്കമുള്ള പ്രതിഷേധത്തിനു കാരണമെന്ന് മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ പ്രതികരിച്ചു. ലോക്ക്ഡൗണിനു മുമ്പ് കുടിയേറ്റ തൊഴിലാളികളെ അവരുടെ നാടുകളിലേക്കു എത്തിക്കുന്നതിനുളള വഴി ഒരുക്കാന്‍ കേന്ദ്രം തയാറാകാത്തതിന്റെ ഫലമാണ് ബാന്ദ്രില്‍ കണ്ടതെന്നാണ് ആദിത്യ താക്കറെ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here