ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടുവന്ന പാര്‍ട്ടിയെയാണ് ബി.ജെ.പിയിൽ ലയിപ്പിച്ചത്: നടൻ ദേവൻ

തന്റെ രാഷ്ട്രീയ പാർട്ടി ബി.ജെ.പിയിൽ ലയിപ്പിച്ചതിനെക്കുറിച്ച് നടൻ ദേവൻ. 17 വര്‍ഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടുവന്ന പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിച്ചത്. സിനിമയില്‍ വന്ന ശേഷം രാഷ്ട്രീയത്തില്‍ വന്ന ആളല്ല താന്‍. കോളേജ് കാലം മുതൽ താനൊരു കെ.എസ്.‌യു. പ്രവര്‍ത്തകനായിരുന്നുവെന്നും ദേവന്‍ റിപ്പോർട്ടർ ടി.വി.യിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കഴിഞ്ഞ വർഷം ‘നവകേരള പീപ്പിൾസ് പാർട്ടി’യെന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചായിരുന്നു ദേവന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം. നിലവിലെ രാഷ്ട്രീയ ജീർണതയാണ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും നടൻ ദേവൻ പറഞ്ഞിരുന്നു.

ദീപാവലി ദിനത്തിൽ തന്റെ നവകേരള പാർട്ടിയുടെ പതാക പ്രഖ്യാപന പ്രചാരണ യാത്രയ്ക്ക് ദേവൻ തുടക്കമിട്ടിരുന്നു. ഫേസ്ബുക്കിലൂടെ ദേവൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘നവ കേരള പതാക പ്രഖ്യാപന പ്രചാരണ യാത്ര – ‘കേരള പീപ്പിൾസ് പാർട്ടി” – എന്ന കുറിപ്പോടു കൂടിയാണ് ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ അദ്ദേഹം പങ്കുവച്ചിരുന്നത്.

പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചുള്ള യോഗത്തിൽ സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാരിനെതിരെ വിമർശനം ഉയർത്തിയിരുന്നു. ഇടതു സർക്കാർ ജനങ്ങളെ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. നവകേരള പീപ്പിൾസ് പാർട്ടിയുടെ നയങ്ങൾ വിശദീകരിക്കാൻ ചേർന്ന യോഗത്തിൽ ആയിരുന്നു ദേവൻ ഇടതു സർക്കാരിനെതിരെ രൂക്ഷവിമർശനം ഉയർത്തിയത്.

പിണറായി വിജയൻ കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികൾ ഉൾക്കൊണ്ടതെന്നും ദേവൻ അന്ന് പറഞ്ഞു.

പിണറായി വിജയൻ അധികാരമേറ്റപ്പോൾ ജനങ്ങൾക്ക് ഏറെ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ രണ്ടു വർഷത്തിനുള്ളിൽ അദ്ദേഹം ആ വിശ്വാസം തകർത്തു. ശബരിമല വിഷയത്തോടെ ഇക്കാര്യം ജനങ്ങൾക്ക് മനസ്സിലായെന്നും ദേവൻ പറഞ്ഞിരുന്നു.

അന്ന് ബി.ജെ.പി. താനുമായി ചർച്ച നടത്തി എന്നും എന്നാൽ തന്റെ ‘വ്യക്തിത്വം ആർക്കും അടിയറ വയ്ക്കാൻ തയ്യാറല്ലാത്തതിനാൽ ബി ജെ പിയിൽ ചേരില്ല’ എന്നുമായിരുന്നു ദേവന്റെ പ്രതികരണം.

ദേവന് പുറമെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുന്‍ അദ്ധ്യക്ഷനുമായ പന്തളം പ്രഭാകരന്‍, സംവിധായകന്‍ വിനു കിരിയത്ത്, നടി രാധ എന്നിവരും ബിജെപിയില്‍ ചേർന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here