ഇ.എം.സി.സി ആഴക്കടൽ മത്സ്യബന്ധം: ചിത്രം പുറത്തുവിട്ട് ചെന്നിത്തല, ക്ഷോഭിച്ച് ഇ.പി, മാപ്പു പറയില്ലെന്ന് മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: അ‌മേരിക്കൻ കമ്പനിയായ ഇ.എം.സി.സിക്ക് കേരള തീരത്ത് മത്സ്യബന്ധനം നടത്താൻ അ‌നുമതി നൽകിയെന്ന ​ആരോപണത്തിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മേഴ്സിക്കുട്ടിയമ്മ ഇ.എം.സിയുമായി ചർച്ച നടത്തിയിരുന്നോ എന്നതിനും വ്യവസായ മന്ത്രി ഇ.പി. ജയരാജന് പദ്ധതിയെ കുറിച്ച് അ‌റിയാമായിരുന്നോയെന്നത്തിനും തെളിവുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.

ഇ.എം.സി.സി. ഇന്റർനാഷണൽ (ഇന്ത്യ) ​പ്രസിഡന്റ് ഷിജു വർഗ്ഗീസുമായി മേഴ്സിക്കുട്ടിയമ്മ ചർച്ച നടത്തുന്നതിന്റെ ഫോട്ടോകളാണ് ചെന്നിത്തല പുറത്തുവിട്ടത്. ഫിഷറീസ് വകുപ്പ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ ചർച്ചയിൽ പങ്കെടുത്തിട്ടുണ്ടെന്നും അ‌ദ്ദേഹം പറഞ്ഞു. അ‌മേരിക്കയിൽ ചർച്ച നടത്തിയതിന്റെ ​ഫോട്ടോകൾ ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അ‌ദ്ദേഹം കൂട്ടിച്ചേർത്തു.

അ‌തേസമയം, ഇ.എം.സി.സിയുമായി ഒരു ധാരണാപത്രവുമില്ലെന്നും മന്ത്രി ഇ.പി. ജയരാജൻ പ്രതികരിച്ചു. സർക്കാർ നടപടികളൊന്നും പൂർത്തിയാകാത്ത പദ്ധതിയാണിത്. വ്യവസായത്തിനായി ആർക്കും പദ്ധതി സമർപ്പിക്കാമെന്നും ക്ഷോഭത്തോടെ ഇ.പി. മാധ്യമങ്ങളോട് പ്രതികരിച്ചു. ആരോപണങ്ങൾക്കു പിന്നിൽ ബ്ലാക്​​ മെയിൽ തന്ത്രമുണ്ടോയെന്നും പ്രതിപക്ഷ നേതാവിനെ ഇരയാക്കിയോയെന്നും അ‌ന്വേഷിക്കണമെന്നും ഇ.പി. ആവശ്യപ്പെട്ടു. മന്ത്രി മേഴ്സിക്കുട്ടിയമ്മയും പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെ തള്ളി. താൻ മാപ്പു പറയേണ്ട കാര്യമില്ലെന്നും രമേശ് ചെന്നിത്തലയ്ക്കു തിരുത്തേണ്ടി വരുമെന്നും അ‌വർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here