നരേന്ദ്ര മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അന്താരാഷ്ട്ര മെഡിക്കല്‍ ജേണല്‍ ദ് ലാൻസെറ്റ്. മെയ് എട്ടിന് വെബ്‍സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ മുഖപ്രസംഗത്തിലാണ് ‘ഇന്ത്യയിലെ കൊവിഡ് അടിയന്തരാവസ്ഥ’യെക്കുറിച്ച് വിമര്‍ശനം. കൊവിഡ് നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നും തെറ്റുസമ്മതിച്ച് ഉടന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും ലാൻസെറ്റ് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ സര്‍ക്കാര്‍ ചെയ്യുന്നത് വിമര്‍ശനങ്ങളെ ഇല്ലാതാക്കാനുള്ള നടപടികളാണെന്നും വൈറസിന് എതിരെയുള്ള പോരാട്ടമല്ലെന്നുമുള്ള വിമര്‍ശനവും ലാൻസെറ്റ് നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആരോഗ്യമന്ത്രി ഹര്‍ഷ്‍വര്‍ധനെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടുമുണ്ട്.

ഇന്ത്യയില്‍ കൊവിഡിന്‍റെ രണ്ടാം തരംഗം ഉണ്ടാകുമെന്ന് കൃത്യമായ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നതാണ്. സര്‍ക്കാര്‍ ഇത് അവഗണിച്ചു. മാര്‍ച്ച് മാസം ഇന്ത്യ അവസാനഘട്ട മത്സരത്തില്‍ ആണെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. വെറും 21 ശതമാനം ജനങ്ങള്‍ക്ക് മാത്രമാണ് കൊവിഡ് ആന്‍റിബോഡിയുള്ളതെന്ന് ഐസിഎംആര്‍ സിറോസര്‍വേയില്‍ അറിയിച്ചതാണ്. ഇതൊന്നും പരിഗണിക്കാതെ സര്‍ക്കാര്‍ അയഞ്ഞു. വിമര്‍ശകരെ ട്വിറ്ററില്‍ തടയാനാണ് സര്‍ക്കാര്‍ ശ്രദ്ധിച്ചത്, മഹാമാരി തടയാനല്ല – ലാന്‍സെറ്റ് വിമര്‍ശിച്ചു.

സൂപ്പര്‍സ്പ്രെഡറുകള്‍ ആകാന്‍ സാധ്യതയുള്ള ഉത്സവങ്ങളെക്കുറിച്ച് സര്‍ക്കാരിന് അറിവുണ്ടായിരുന്നു. പക്ഷേ, അതെല്ലാം അവഗണിച്ച് ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന മതപരിപാടികള്‍ സംഘടിപ്പിച്ചു. വെറും 2 ശതമാനം ജനങ്ങള്‍ക്ക് മാത്രമാണ് വാക്സിന്‍ കിട്ടിയത്. കേന്ദ്രസര്‍ക്കാരിന്‍റെ വാക്സിന്‍ പദ്ധതി അപ്പാടെ പരാജയമായി.സംസ്ഥാനങ്ങളോട് സംസാരിക്കാതെ പദ്ധതി മാറ്റി. ഇത് വാക്സിന്‍ വിതരണം തടസ്സപ്പെടാനും വലിയ ആശയക്കുഴപ്പത്തിനും കാരണമായി – ലാന്‍സെറ്റ് നിരീക്ഷിക്കുന്നു.

ണ്ട് മാറ്റമാണ് ഇന്ത്യ ഉടന്‍ പ്രാബല്യത്തിലാക്കേണ്ടതെന്ന് ലാൻസെറ്റ് വാദിക്കുന്നു. ആദ്യം തന്നെ ഇപ്പോഴത്തെ വാക്സിന്‍ വിതരണ പദ്ധതി നിര്‍ത്തണം. അത് വേഗത്തിലാക്കാന്‍ വേണ്ട നടപടിയെടുക്കണം. പ്രാദേശിക ഭരണകൂടങ്ങളെയും, പ്രൈമറി ആരോഗ്യകേന്ദ്രങ്ങളെയും കേന്ദ്രീകരിച്ച് ഇത് സര്‍ക്കാര്‍ നടപ്പിലാക്കണം. രണ്ടാമത് കൊവിഡ്-19 വ്യാപനം പരമാവധി കുറയ്ക്കണം. പുതിയ ലോക്ക് ഡൗൺ കൂടെ വേണമെങ്കില്‍ സര്‍ക്കാരിന് പരിഗണിക്കാവുന്നതേയുള്ളൂ.

ഒരു പഠന റിപ്പോര്‍ട്ട് അനുസരിച്ച് 10 ലക്ഷം മരണങ്ങള്‍ ഈ വര്‍ഷം ഓഗസ്റ്റോടെ ഇന്ത്യയില്‍ ഉണ്ടാകും – ലാന്‍സെറ്റ് പറയുന്നു. സ്വയംവരുത്തിവച്ച ഈ വിന തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ ഉത്തരവാദിത്തം കാണിക്കണം. സര്‍ക്കാര്‍ കൊവിഡ്-19 ടാസ്‍ക്ഫോഴ്‍സ് കൂടിയിട്ട് മാസങ്ങളായി, ഇതിന്‍റെ ഫലം ഇന്ത്യ അനുഭവിക്കുകയാണ്. ഉത്തരവാദിത്തത്തോടെ നേതാക്കള്‍ പെരുമാറണം, സുതാര്യമായി വിവരങ്ങള്‍ കൈകാര്യം ചെയ്യണം, ശാസ്ത്രീയമായി പ്രതിരോധം തീര്‍ക്കുകയും വേണം – ലാന്‍സെറ്റ് ഓര്‍മ്മിപ്പിക്കുന്നു.

മെഡിക്കല്‍ അക്കാദമിക ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജേണലുകളില്‍ ഒന്നാണ് ലാൻസെറ്റ്. ലോകത്തെ ഏറ്റവും ആധികാരികമായ പ്രസിദ്ധീകരണങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ആഴ്‍ച്ചയില്‍ പ്രസിദ്ധപ്പെടുത്തുന്ന ലാന്‍സെറ്റ്, ലണ്ടന്‍, ന്യൂയോര്‍ക്ക്, ബെയ്‍ജിങ് എന്നിവിടങ്ങളില്‍ നിന്നാണ് പ്രസാധനം ചെയ്യുന്നത്. രാഷ്ട്രീയ വിഷയങ്ങളില്‍ അപൂര്‍വമായി ഇടപെടുന്ന ലാന്‍സെറ്റ്, 2020ല്‍ ഡോണള്‍ഡ് ട്രംപിനെ വീണ്ടും യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കരുതെന്ന് എഡിറ്റോറിയലില്‍ അഭ്യര്‍ഥിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here