ഇന്ത്യ-പാകിസ്ഥാൻ തർക്കത്തിൽ പരിഹാരം കാണാൻ യുഎഇ മധ്യസ്ഥ ചർച്ചകൾ നടത്തിയതായി സ്ഥിരീകരിച്ച് മുതിർന്ന നയതന്ത്രജ്ഞൻ. ഇരു രാജ്യങ്ങളും തമ്മിൽ ആരോഗ്യകരവും ക്രിയാത്മകവുമായ ബന്ധം രൂപപ്പെടുത്തുന്നതിനായാണ് ചർച്ച. കശ്മീർ വിഷയവുമായി ബന്ധപ്പെട്ടുള്ള സൈനിക സംഘർഷം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളിലേയും മുതർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ജനുവരിയിൽ ദുബായിൽ വെച്ച് രഹസ്യമായി ചർച്ച നടത്തിയിരുന്നതായി റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നു. ചർച്ചയെ കുറിച്ച് അറിവുണ്ടായിരുന്നവർ ഇത് സ്ഥിരീകരിച്ചു എന്നാണ് റോയിട്ടേർസ് റിപ്പോർട്ട്.

കശ്മീർ പ്രശ്നത്തിൽ സംഘർഷം കുറയ്ക്കാനും വെടിനിർത്തലിനും പരിഹാരം കാണാനും ആരോഗ്യകരമായ ബന്ധം പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങളിൽ യുഎഇ പ്രധാന പങ്കുവഹിച്ചതായി ബുധനാഴ്ച സ്റ്റാൻഫോർഡ് സർവകലാശാലയുടെ ഹൂവർ ഇൻസ്റ്റിറ്റ്യൂഷനുമായി നടത്തിയ വെർച്വൽ ചർച്ചയിൽ അംബാസഡർ യൂസഫ് അൽ ഒടൈബ പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മികച്ച സൗഹൃദം ഉണ്ടാകാൻ ഇടയില്ലെങ്കിലും കുറഞ്ഞത് പ്രവർത്തനക്ഷമമായ പരസ്പരം ചർച്ച നടത്താവുന്ന തലത്തിലേക്ക് എത്താൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നാണ് യൂസഫ് അൽ ഒടൈബ പറഞ്ഞത്.

2019 ൽ കശ്മീരിൽ ഇന്ത്യൻ സൈനിക സംഘത്തിന് നേരെ നടന്ന ചാവേർ ബോംബാക്രമണത്തിൽ പാകിസ്ഥാൻ തീവ്രവാദികളുടെ ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. 2019 ഫെബ്രുവരി 14 നാണ് രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം അരങ്ങേറിയത്. തീവ്രശേഷിയുള്ള സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്കുമായെത്തിയ ചാവേർ, സുരക്ഷാ സൈനികരുടെ വാഹനവ്യൂഹത്തിലേക്ക് അത് ഇടിച്ചു കയറ്റുകയായിരുന്നു. 22 കാരനായ ചാവേർ നടത്തിയ ആക്രമണത്തിൽ സെൻ‌ട്രൽ റിസർവ് പോലീസ് സേനയിലെ (സി‌ആർ‌പി‌എഫ്) നാൽപ്പത് സൈനികർക്കാണ് ജീവന്‍ നഷ്ടമായത്. കലാപ മേഖലയായ കശ്മീർ താഴ്വര മുപ്പത് വർഷത്തിനിടെ സാക്ഷ്യം വഹിച്ച് ഏറ്റവും വലിയ ഭീകരാക്രമണം കൂടിയായിരുന്നു ഇത്.

ആക്രമണം നടന്ന് ദിവസങ്ങൾക്ക് ശേഷം പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ജയ്ഷ് ഇ മുഹമ്മദ് (ജെ‌ഇഎം) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here