റാന്നി: ഒരു കുഞ്ഞാട് ഫേസ് ബുക്ക് ലൈവില്‍ വന്നു, പിന്നെ ചിലതൊക്കെ പറഞ്ഞു… വിമര്‍ശനങ്ങള്‍ തെറിവിളിയായി മാറിയതു സമൂഹമാധ്യത്തിലൂടെ കേട്ട ഇടയന്‍മാരുടെ അവസ്ഥയെക്കുറിച്ച് ചില വിശ്വസികള്‍ അടക്കം പറഞ്ഞത് ഇങ്ങനെയാണ്.

മദ്യപിച്ച് ലക്കുകെട്ട് പൂരപ്പാട്ടുമായി റാന്നി മാസ്റ്റേഴ്‌സ് അക്കാദമി ചെയര്‍മാന്‍ ഷാജി ജോര്‍ജ്ജ് സഭാ നേതൃത്വത്തിനെതിരെ രംഗത്തെത്തിയതാണ് ചര്‍ച്ചാ വിഷയം. കഴിഞ്ഞ ഓഗസ്റ്റ് 13 നു രാത്രി 11 മണിക്കാണ് ഇദ്ദേഹം തന്റെ ഫെയിസ് ബുക്ക് ലൈവിലൂടെ ഇടവക വികാരിക്കും സഭാ പിതാക്കന്മാര്‍ക്കും നേരെ തെറിവിളി അഭിഷേകം നടത്തിയത്. പ്ലാച്ചേരി ഫാത്തിമാ മാതാ കത്തോലിക്കാ പള്ളി അംഗമാണ് ഷാജി ജോര്‍ജ്ജ്.

ഇടവകയുടെ മുന്‍ വികാരിയും റാന്നി സിറ്റാഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഫാദര്‍ അഗസ്റ്റിന്‍, ഇപ്പോഴത്തെ ഇടവക വികാരി ഫാദര്‍ ജറിന്‍, കാഞ്ഞിരപ്പള്ളി അതിരൂപതാ ബിഷപ്പ് മാര്‍ ജോസ് പുളിക്കന്‍, മുന്‍ ബിഷപ്പ് മാത്യു അറക്കല്‍ എന്നിവര്‍ക്കെതിരെയും കത്തോലിക്കാ സഭാ വിശ്വാസികള്‍ക്കെതിരെ ഇദ്ദേഹം നടത്തിയ പ്രതികരണങ്ങളില്‍ പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്തെത്തി.

കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്ലാച്ചേരി ഫാത്തിമാ മാതാ ചര്‍ച്ച് യൂണിറ്റ് പോലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തത് പ്രതിഷേധത്തിനു ആക്കം കൂട്ടിയിരിക്കയാണ്. ഓഗസ്റ്റ് 14 നു 498/DP/Rny/2021 പ്രകാരം പരാതി സ്വീകരിച്ച് രസീത് നല്‍കിയെങ്കിലും ഇതുവരെ ഒരന്വേഷണവും പോലീസ് നടത്തിയില്ല. തുടര്‍ന്ന് സെപ്തംബര്‍ 9 ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. 2209/camp/dpc/pta/2021 നമ്പരായി രസീതും നല്‍കി. എന്നാല്‍ ഈ പരാതിയും പോലീസ് മുക്കി. ഒരു അന്വേഷണവും നടന്നില്ലെന്നാണ് പരാതിക്കാരുടെ ആരോപണം.

ഷാജി ജോര്‍ജ്ജിന് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരിലുള്ള സ്വാധീനമാണ് കേസിലെ തുടര്‍ നടപടികള്‍ മരവിക്കാന്‍ കാരണമെന്നാണ് വിമര്‍ശനം. കാനഡ, മാള്‍ട്ട, ലിത്വാനിയ, ഉക്രൈയിന്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കും ആളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനമാണ് മാസ്‌റ്റേഴ്‌സ് അക്കാദമി. റാന്നിക്കു പുറമേ കോട്ടയം, കൊച്ചി, തൃശ്ശൂര്‍, കൊട്ടാരക്കര, കോഴിക്കോട്, ഡല്‍ഹി, ട്രിച്ചി, വിശാഖപട്ടണം, ദുബായ്, കാനഡ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുണ്ട്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും നടത്തുന്ന ആളാണ് ഷാജി ജോര്‍ജ്ജ്.

സ്വന്തം സ്വത്തുവകകള്‍ വിറ്റ് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ജോസ് പുളിക്കന്‍ പിതാവിനെയും മാത്യു അറക്കല്‍ പിതാവിനെയും സോഷ്യല്‍ മീഡിയായിലൂടെ അപമാനിച്ചതില്‍ കത്തോലിക്കാ സഭയില്‍ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പോലീസ് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കുമെന്നും കൂടാതെ നിയമപരമായ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുമെന്നും പരാതിക്കാരനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്ലാച്ചേരി ഫാത്തിമാ മാതാ ചര്‍ച്ച് യൂണിറ്റ് പ്രസിഡന്റ് ബിനോയ് വര്‍ഗീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here