ന്യൂഡല്‍ഹി| പാര്‍ലമെന്റംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം തത്സമയം നിരീക്ഷിക്കാന്‍ കേന്ദ്രം സംവിധാനം ഒരുക്കുന്നു. കേന്ദ്ര നോഡല്‍ ഏജന്‍സികളുടെ അക്കൗണ്ടില്‍ നിന്നാകും പദ്ധതി നടപ്പാക്കുന്നവര്‍ക്ക് ഇനി പണം ലഭിക്കുക. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ ഫണ്ടിന്റെ മാപ്പിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിനായി പുതിയ പോര്‍ട്ടലും നിലവില്‍ വന്നു.
കേന്ദ്ര സ്ഥിതി വിവര മന്ത്രാലയത്തിന്റെ എം.പി ലാഡ് ഡിവിഷനു കീഴിലുള്ള പ്രോജക്ട് മാനേജുമെന്റ് യൂണിറ്റിനെ കേന്ദ്ര നോഡല്‍ ഏജന്‍സിയായി നിയോഗിച്ചു. എം.പി. ലാഡ് ഫണ്ട് കൈകാര്യം ചെയ്യാനായി മാത്രം ഇവര്‍ ഷെഡ്യൂള്‍ഡ് കോമേഴ്‌സ്യല്‍ ബാങ്കില്‍ കേന്ദ്ര നോഡല്‍ അക്കൗണ്ട് തുറക്കും. ഇതിലേക്കു വരുന്ന ഫണ്ടിന്റെ ബാക്കി അടുത്ത വര്‍ഷത്തേക്ക് കൈമാറും. കേന്ദ്ര ഏജന്‍സി മുതല്‍ ഏറ്റവും താഴെയുള്ള ഏജന്‍സിയുടെവരെ അക്കൗണ്ടുകള്‍ പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജുമെന്റ് സിസ്റ്റവുമായി ബന്ധിച്ചാണ് മാപ്പിംഗ് നടപ്പാക്കുക.