മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകള്‍ പകുതിയായി കുറഞ്ഞു, അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 25 ജില്ലകളില്‍ നിന്ന്

ഡല്‍ഹി: രാജ്യത്ത് മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലകളുടെ എണ്ണം പകുതിയായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. 2010ല്‍ പത്തു സംസ്ഥാനങ്ങളിലെ 96 ജില്ലകളിലുണ്ടായിരുന്ന മാവോയിസ്റ്റ് സാന്നിദ്ധ്യം 2020 ല്‍ 53 ജില്ലകളിലേക്കു ചുരുങ്ങി. ഇപ്പോഴിത് 41 ജില്ലകളില്‍ മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം വിലയിരുത്തി. 85 ശതമാനം അതിക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 25 ജില്ലകളില്‍ നിന്നാണ്.

രാജ്യത്തെ എട്ടു പുതിയ ജില്ലകളില്‍ പുതുതായി മാവോയിസ്റ്റ് സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നീക്കങ്ങള്‍ തടയുന്നതിനായി ഇവിടങ്ങളില്‍ ജാഗ്രതാ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഏക്കാലത്തെയും ഉയര്‍ന്ന് മാവോയിസ്റ്റ് ആക്രമണങ്ങള്‍ ഉണ്ടായിട്ടുള്ളത് 2009 ലാണ്. അന്നത്തെ 2,258 അക്രമസംഭവങ്ങള്‍ കഴിഞ്ഞ വര്‍ഷം 665 കേസുകളായി കുറഞ്ഞു. ഓഗസ്റ്റ് 31 വരെ 349 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. 40 വര്‍ഷമായി 16,000 ലധികം പൗരന്മാരുടെ ജീവന്‍ അപഹരിച്ച സംഘര്‍ഷം അവസാനത്തോടടുക്കുകയാണെന്ന് യോഗത്തില്‍ അമിത് ഷാ പറഞ്ഞു.

മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള 10 സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരടക്കമാണ് യോഗത്തില്‍ പങ്കെടുത്തത്. ബിഹാര്‍, ഒഡീഷ, മഹാരാഷ്ട്ര, തെലങ്കാന, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നും മുഖ്യമന്ത്രിമാരും ആന്ധ്രാപ്രദേശ് ആഭ്യന്തരമന്ത്രിയും യോഗത്തില്‍ പങ്കെടുത്തു. ചത്തീസ്ഗഡ്, ബംഗാള്‍, കേരളം സംസ്ഥാനങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here