മാന്ദാമംഗലം പള്ളി സംഘര്‍ഷം: തൃശൂര്‍ ഭദ്രാസനാധിപന്‍ അടക്കം 120 പേര്‍ക്കെതിരെ കേസ്

0
1

തൃശൂര്‍: അവകാശത്തര്‍ക്കം നടക്കുന്ന മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ അര്‍ദ്ധരാത്രിയോടെ കല്ലേറും സംഘര്‍ഷവും. ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസിനെ ഒന്നാം പ്രതിയാക്കി 120 പേര്‍ക്കെതിരെ കേസെടുത്തു.

സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ ഡോ.യുഹാനോന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കു പരുക്കേറ്റു. രാത്രി 12 മണിയോടെ ഓര്‍ത്തഡോക്‌സ് വിഭാഗം ഗേറ്റു തകര്‍ത്ത് പള്ളി വളപ്പിലേക്കു പ്രവേശിക്കാന്‍ ശ്രമിച്ചതോടെ സംഘര്‍മുണ്ടായെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ ഇരു വിഭാഗവും പരസ്പരം കല്ലെറിഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

വധശ്രമം, കലാപശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിരവധി വൈദികരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഉച്ചയോടെ എല്ലാവരെയും സംഘര്‍ഷ സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു നീക്കാനാണ് പോലീസ്് ശ്രമം.

ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയതായും പറയുന്നു. രാത്രി 11.30 ഓടെയായിരുന്നു സംഭവം.

പരിക്കേറ്റ മാര്‍ മിലിത്തിയോസ്, തോമസ് പോള്‍ റമ്പാന്‍, ഫാ. മത്തായി പനംകുറ്റിയില്‍, ഫാ. പ്രദീപ്, ഫാ. റെജി മങ്കുഴ, രാജു പാലിശേരി, ജോണ്‍ വാഴാനി, എല്‍ദോ എന്നിവരെ കുന്നംകുളം അടുപ്പൂട്ടി മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പള്ളിക്കുള്ളില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന യാക്കോബായ സഭാംഗങ്ങള്‍ക്കും പുറത്ത് പ്രാര്‍ഥനായജ്ഞത്തില്‍ പങ്കെടുത്തിരുന്ന ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ക്കും കല്ലേറില്‍ പരുക്കേറ്റു. പള്ളിക്കു മുന്നിലുണ്ടായിരുന്ന ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

പള്ളിയുടെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്. ഗേറ്റും തകര്‍ന്നു. എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്. പള്ളിക്കു പുറത്ത് ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ പ്രാര്‍ഥന നടത്തിയിരുന്ന പന്തല്‍ പൊലീസ് അഴിച്ചുമാറ്റി.

സുപ്രീം കോടതി വിധി പ്രകാരം പള്ളിയില്‍ കയറി പ്രാര്‍ഥന നടത്തണമെന്നാവശ്യപ്പെട്ട് രണ്ട് ദിവസം മുന്‍പാണ് മാര്‍ മിലിത്തിയോസിന്റെ നേതൃത്വത്തില്‍ ഒരു സംഘം പള്ളിക്കു മുന്നില്‍ പ്രാര്‍ഥനായജ്ഞം ആരംഭിച്ചത്. യാക്കോബായ സഭക്കാര്‍ പ്രധാന ഗേറ്റ് പൂട്ടി പള്ളിക്കുള്ളില്‍ പ്രാര്‍ഥനായജ്ഞം നടത്തിവരികയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here