കൊല്‍ക്കത്ത: ബി.ജെ.പിക്കെതിരെ ബംഗാളിന്റെ അഭിമാനമായ രവീന്ദ്രനാഥ് ടാഗോറിന്റെ ചിത്രമുയര്‍ത്തി മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ റോഡ് ഷോ. ബാല്‍പൂറില്‍ കഴിഞ്ഞ ദിവസം നടന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ റോഡ് ഷോയിലാണ് ടാഗോറിന്റെ ചിത്രവുമേന്തി മമത നടന്നു നീങ്ങിയത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ബി.ജെ.പിക്കെതിരെ ബംഗാളി ദേശീയത ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് മമതയുടെ നീക്കമെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നു. നേരത്തെ, പുറത്തു നിന്നു വന്നവര്‍ സംസ്ഥാനം ഭരിക്കേണ്ട എന്ന് ബി.ജെ.പിയെ പരോക്ഷമായി സൂചിപ്പിച്ച്‌ മമത പറഞ്ഞിരുന്നു

‘ടാഗോറില്ലാത്ത ബംഗാളിനെ കുറിച്ച്‌ ചിന്തിക്കാന്‍ പോലും ഞങ്ങള്‍ക്ക് കഴിയില്ല. ദേശീയ ഗാനം മാറ്റാനാണ് ബി.ജെ.പി ഇപ്പോള്‍ ശ്രമിക്കുന്നത്. അതൊന്ന് തൊടാന്‍ കഴിയില്ലെന്ന് ഞാന്‍ ബി.ജെ.പിയെ വെല്ലുവിളിക്കുകയാണ്. അവര്‍ രാഷ്ട്രീയമായി തകര്‍ക്കപ്പെടും. ബംഗാളിന്റെ സംസ്‌ക്കാരം നശിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ട്. ഞങ്ങള്‍ എന്നും ടാഗോറിനെ ഓര്‍ക്കുന്നവരാണ്. അല്ലാതെ രാഷ്ട്രീയപരമായി കീഴടക്കാന്‍ വേണ്ടി മാത്രം ബംഗാളിലേക്ക് പുറത്തു നിന്ന് നുഴഞ്ഞു കയറുന്നവരല്ല. നമ്മുടെ മണ്ണില്‍ വിദ്വേഷം ഇറക്കുമതി ചെയ്ത് ബംഗാളിന്റെ നട്ടെല്ലൊടിക്കാന്‍ ശ്രമിക്കുകയാണ് ബി.ജെ.പി’- മമത പറഞ്ഞു.

ടാഗോറിന്റെ മുദ്രയുള്ള വിശ്വഭാരതി (ശാന്തിനികേതന്‍) നിലനില്‍ക്കുന്ന സ്ഥലമാണ് ബോല്‍പൂര്‍. ഡിസംബര്‍ 24നാണ് ശാന്തിനികേതന്റെ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തിരുന്നത്. പരിപാടിയിലേക്ക് മമതയെ ക്ഷണിച്ചിരുന്നില്ല. പ്രഭാഷണത്തിനിടെ ഗുരുദേവ് എന്നാണ് ടാഗോറിനെ മോദി വിശേഷിപ്പിച്ചിരുന്നത്.

അതിനിടെ, ടാഗോറിന്റെ ചിത്രവുമായി റോഡ് ഷോ നടത്തിയ മമതയുടെ

നടപടിക്കെതിരെ ബി.ജെ.പി രംഗത്തു വന്നു. പത്തു വര്‍ഷത്തെ ഭരണപരാജയങ്ങള്‍ മറയ്ക്കാനുള്ള ശ്രമമാണ് ടാഗോറിനെ എടുത്തു കാണിക്കുന്നതിലൂടെ മമത ചെയ്യുന്നത് എന്ന് ബി.ജെ.പി എം.പി സ്വപന്‍ ദാസ് ഗുപ്ത ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here