കൊല്‍ക്കത്ത: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ തൃണമൂല്‍ ആക്രണമത്തില്‍ മമത സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ബംഗാള്‍ ഗവര്‍ണറും ബിജെപി ഉപാദ്ധ്യക്ഷന്‍ മുകുള്‍ റോയിയും. സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ തകര്‍ച്ച ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ മമതയ്‌ക്കെതിരെ രംഗത്തെത്തിയത്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മുകുള്‍ റോയി‌യും ആവശ്യപ്പെട്ടു.

ഡയമണ്ട് ഹാര്‍ബറിലേക്കുള്ള യാത്രാമദ്ധ്യേയായിരുന്നു ഇവരുടെ വാഹനത്തിന് നേരെ തൃണമൂല്‍ ഗുണ്ടകളുടെ ആക്രമണം. രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷന് പോലീസിന്റെ പ്രതിരോധവും സംരക്ഷണവും ഉണ്ടെന്ന് ഉറപ്പാണ്. എന്നാല്‍ ഇപ്പോള്‍ വരുന്ന അരാജകത്വത്തിന്റേയും അധാര്‍മ്മികതയുടേയും ഭയാനകമായ റിപ്പോര്‍ട്ടുകളില്‍ ആശങ്കയുണ്ട്. സര്‍ക്കാരിന്റെ ഭരണത്തകര്‍ച്ചയാണിതെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു.

സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയും തകര്‍ന്നു. ഭരണഘടനാ തലവന്‍ എന്ന നിലയില്‍ നിങ്ങളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പരാജയമാണിത്. ആ നാണക്കേട് താന്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു. നദ്ദയുടെ സന്ദര്‍ശന കാര്യം നേരത്തെ തന്നെ സംസ്ഥാന പോലീസ് മേധാവിയോട് പറഞ്ഞതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവം ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും എത്രയും വേഗം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മുകുള്‍ റോയ് ആവശ്യപ്പെട്ടു. അക്രമത്തിന് പിന്നാലെ മമത സര്‍ക്കാരിന്റെ വീഴ്ച വിവരിച്ച്‌ ദിലീപ് ഘോഷ് അമിത് ഷായ്ക്ക് കത്തയച്ചിട്ടുണ്ട്.

സംഭവത്തില്‍ പ്രതികരണവുമായി ജെപി നദ്ദയും രംഗത്തെത്തിയിരുന്നു. ബംഗാളിലെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ക്കും അസഹിഷ്ണുതയ്ക്കും അന്ത്യമാവേണ്ടതുണ്ടെന്നും നദ്ദ വ്യക്തമാക്കി. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊല്‍ക്കത്തിയില്‍ ദ്വിദിന സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ബംഗാളിന്റെ ചുമതലയിലുള്ള കൈലാഷ് വിജയ്‌വര്‍ഗിയയും നദ്ദയോടൊപ്പം ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here