ബംഗാളില്‍ മമത കിതയ്ക്കുന്നു: ബിജെപിയെ നേരിടാന്‍ സഖ്യംവേണമെന്ന് ആവശ്യം: വഴങ്ങാതെ കോണ്‍ഗ്രസും സിപിഎമ്മും

കൊല്‍ക്കത്ത:പശ്ചിമ ബംഗാളിലെ കഴിഞ്ഞ 24 മണിക്കൂറിലെ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ആശങ്ക. ഭാരതീയ ജനതാ പാര്‍ട്ടിയെ നേരിടുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിസ്സഹായരാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബിജെപിയെ പരാജയപ്പെടുത്താന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പിന്തുണയ്ക്കണമെന്ന് ടിഎംസി കോണ്‍ഗ്രസിനോടും ഇടതുപാര്‍ട്ടികളോടും അഭ്യര്‍ത്ഥിച്ചതിന്റെ കാരണം ഇതാണെന്നും വിലയിരുത്തുന്നു. കോണ്‍ഗ്രസ് ഒരു പടി കൂടി മുന്നോട്ട് പോയി തൃണമൂല്‍ വീണ്ടും കോണ്‍ഗ്രസില്‍ ലയിക്കണമെന്ന അഭിപ്രായമാണ് മുന്നോട്ടു വെച്ചത്.

ടിഎംസി എംപി സൗഗാത റോയിയുടെ പ്രസ്താവനയാണ് ബംഗാളിലെ രാഷ്ട്രീയ രംഗത്തെ ചൂടുപിടിപ്പിച്ചത്.ഇടതുമുന്നണിയും കോണ്‍ഗ്രസും യഥാര്‍ത്ഥത്തില്‍ ബിജെപിക്കെതിരാണെങ്കില്‍ ബിജെപിയെ നേരിടാന്‍ മമത ബാനര്‍ജിയെ പിന്തുണയ്ക്കണമെന്ന് സൗഗത് റോയ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബി.ജെ.പിക്കെതിരായ മതേതര രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ മുഖമാണ് തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി മമത ബാനര്‍ജിയെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ കരുത്തിന് കാരണം ഭരണകക്ഷിയായ തൃണമൂലാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആദിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി. ടിഎംസിയുമായുള്ള സഖ്യത്തില്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി ഞങ്ങളുടെ എം‌എല്‍‌എമാരെ പാര്‍ട്ടിയിലേക്ക് കാശ് കൊടുത്തു വാങ്ങുകയായിരുന്നു ടിഎംസി ചെയ്തത്. എന്തുകൊണ്ടാണ് ടി‌എം‌സി ഇപ്പോള്‍ സഖ്യത്തില്‍ താല്‍പ്പര്യപ്പെടുന്നത്. മമത ബാനര്‍ജി ബിജെപിക്കെതിരെ പോരാടാന്‍ തയ്യാറാണെങ്കില്‍, അവര്‍ കോണ്‍ഗ്രസില്‍ ചേരണംമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വര്‍ഗീയതയ്‌ക്കെതിരെ പോരാടാനുള്ള രാജ്യവ്യാപക വേദി കോണ്‍ഗ്രസ് മാത്രമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ടിഎംസി സഖ്യത്തിന് വഴങ്ങുന്നതിനോട് സിപിഎമ്മും വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. സൗഗാത റോയിയുടെ പ്രസ്താവനയില്‍ സിപിഎം മുതിര്‍ന്ന നേതാവ് സുജന്‍ ചക്രബര്‍ത്തി വിമര്‍ശനവുമായി രംഗത്തെത്തി. സംസ്ഥാനത്തെ ഇടതുമുന്നണിയെയും കോണ്‍ഗ്രസിനെയും നിസ്സാര രാഷ്ട്രീയ ശക്തികളായി ടിഎംസി വിശേഷിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു സാഹചര്യത്തില്‍, ഇപ്പോള്‍ അവരുമായി സഖ്യമുണ്ടാക്കേണ്ട സാഹചര്യമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here