തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസില്‍ ഒളിവിലായിരുന്ന ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹരികുമാറിന്റെ മരണത്തെ തുടര്‍ന്ന് സനലിന്റെ കുടുംബം കൊലപാതകം നടന്ന സ്ഥലത്ത് നടത്തിയ ഉപവാസം അവസാനിപ്പിച്ചു. എന്നാല്‍, എല്ലാ പ്രതികളെയും പിടികൂടുന്നതുവരെ സമരം തടരുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി.

കര്‍ണാടകയിലാണ് ഹരികുമാര്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇയാള്‍ അന്വേഷണസംഘത്തിനു മുന്നില്‍ കീഴടങ്ങിയേക്കുമെന്ന സൂചനകള്‍ക്കിടെയാണ് മരണവാര്‍ത്ത പുറത്തുവരുന്നത്. കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നും സനലിന്റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറ് കണ്ടുകൊണ്ട് അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊലപാതക കേസ് മാത്രമായിരുന്നു ലോക്കല്‍ പൊലീസ് ഹരികുമാറിനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ ക്രൈബ്രാഞ്ച് അന്വേഷണത്തില്‍ പൊലീസിനെ കബളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, സംഘംചേരല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകളും ഹരികുമാറിനെതിരെ ചുമത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here