മുംബൈ: മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം അഞ്ചിന് ശിവാജി പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ഉപമുഖ്യമന്ത്രിമാരായി കോണ്‍ഗ്രസിലെ ബാലാസാഹേബ് തോറാട്ടും എന്‍.സി.പിയുടെ ജയന്ത് പാട്ടീലും സത്യപ്രതിജ്ഞ ചെയ്യും. മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ ബുധനാഴ്ച വൈകിട്ടോടെ പൂര്‍ത്തിയാകും.

പ്രൊട്ടെം സ്പീക്കര്‍ കാളിദാസ് കൊളംബ്കറുടെ അധ്യക്ഷതയില്‍ രാവിലെ എട്ടിന് പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. ഹോട്ടലുകളില്‍ താമസിച്ചിരുന്ന എം.എല്‍.എമാരെ ബസുകളിലാണ് രാവിലെ സഭയിലെത്തിയത്. എം.എല്‍.എമാരെ നിയമസഭാ കവാടത്തില്‍ സുപ്രിയ സുലെ അഭിവാദ്യം ചെയ്തു. അജിത് പവാറിനെ അടക്കം സുപ്രിയ അഭിവാദ്യം ചെയ്തത് ശ്രദ്ധേയമായി.

ഭൂരിപക്ഷം തെളിയിക്കാന്‍ ഡിസംബര്‍ മൂന്നു വരെ ഗവര്‍ണര്‍ ഉദ്ധവ് താക്കറെയ്ക്ക് സമയം നല്‍കിയിട്ടുണ്ട്. നിലവില്‍ ഉദ്ധവ് എം.എല്‍.എ അല്ല. അതിനാല്‍ തന്നെ ആറു മാസത്തിനുള്ളില്‍ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. ആരോടും പ്രതികാരം ചെയ്യുക തന്റെ ലക്ഷ്യമല്ലെന്നും സത്യപ്രതിജ്ഞയ്ക്കുശേഷം മുതിര്‍ന്ന സഹോദരനെ കാണാന്‍ ഡല്‍ഹിയിലേക്കു പോകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉദ്ദേശിച്ച് ഉദ്ധവ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here