ന്യൂഡൽഹി: കോവിഡ് രണ്ടാം വരവിൽ രാജ്യത്ത് ദിനംപ്രതി കോവിഡ് കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്ര, ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ് ഓരോ ദിവസവും ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ കഴിഞ്ഞദിവസം 10,000 ന് മുകളിൽ കോവിഡ് കേസുകളാണ് ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത്. അതേസമയം, മഹാരാഷ്ട്രയിലും ഡൽഹിയിലും കൂടി 80,000 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

തലസ്ഥാന നഗരമായ ഡൽഹിയിൽ കഴിഞ്ഞദിവസം 19, 486 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, 141 പേരാണ് കോവിഡ് ബാധിച്ച് ഒറ്റ ദിവസം മരിച്ചത്. എന്നാൽ, കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഡൽഹിയിൽ വ്യാഴാഴ്ച 20.22 എന്നത് വെള്ളിയാഴ്ച 19.69 ആയി കുറഞ്ഞു.

രാജ്യത്ത് ഏറ്റവും മോശമായി കോവിഡ് ബാധിച്ചിരിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. കഴിഞ്ഞദിവസം മാത്രം 63, 729 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത്. 398 പേരാണ് ഒറ്റ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത് 59, 551 പേരാണ്.

ഏതായാലും കോവിഡ് മരണങ്ങൾ കൂടുന്നതോടെ ശ്മശാനങ്ങളിൽ തിരക്കും കൂടുകയാണ്. ഡൽഹി, ലഖ്നൗ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലെ ശ്മശാനങ്ങളിലെ ദിവസേന പതിനഞ്ചു മുതൽ ഇരുപതു മൃതദേഹങ്ങൾ വരെ ആയിരുന്നു സംസ്കരിച്ചിരുന്നത്. എന്നാൽ, കോവിഡ് രൂക്ഷമായതോടെ സ്ഥിതി മാറി. ദിവസവും നൂറിലധികം മൃതദേഹങ്ങളാണ് ഇവിടെ എത്തുന്നത്. ഈ സാഹചര്യത്തിൽ ഇടവേളകൾ ഇല്ലാതെ പ്രവർത്തിക്കേണ്ട സാഹചര്യമാണ് മിക്ക ശ്മശാനങ്ങൾക്കും.

ഗ്യാസ്, വൈദ്യുതി ശ്മശാനങ്ങൾ തികയാതെ വന്നതോടെ പലയിടത്തും വിറകുപയോഗിച്ചും മൃതദേഹങ്ങൾ ദഹിപ്പിച്ചു തുടങ്ങി. മൃതദേഹങ്ങൾ വേഗം കത്തിക്കാനായി പെട്രോളും മണ്ണെണ്ണയും ഉപയോഗിക്കുന്നതായും റിപ്പോർട്ടുണ്ട്. അതേസമയം, ശ്മശാനങ്ങൾക്ക് സമീപം താമസിക്കുന്ന പലർക്കും ഇത് അസൗകര്യവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതായും റിപ്പോർട്ടുണ്ട്.

ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നൂറിലേറെ മരണങ്ങളാണ് ഓരോ ദിവസവും റിപ്പോർട്ട് ചെയ്തത്. തലസ്ഥാനത്തെ ഏറ്റവും വലിയ ശ്മശാനമായ നിഗം ബോധ് ഘാട്ടിൽ ദിവസവും നൂറിലേറെ മൃതദേഹങ്ങളാണ് ഇപ്പോൾ സംസ്കരിക്കുന്നത്. വടക്കൻ ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ പരിധിയിലാണ് നിഗംബോധ് ഘാട്ട് ശ്മശാനം. മറ്റ് സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here