മഹാരാഷ്ട്രയിലെ ഭണ്ഡാരയില്‍ പത്ത് നവജാത ശിശുക്കൾ വെന്തുമരിച്ചു. ഐസിയുവിലുണ്ടായ തീപിടിത്തത്തിലാണ് മരണം. ഭണ്ഡാര ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് അപകടം. സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ (എസ്എല്സിയു) ചികിത്സയിലായിരുന്ന കുഞ്ഞുങ്ങളാണ് മരിച്ചത്. ഏഴ് കുട്ടികളെ രക്ഷപ്പെടുത്തിയതായി ആശുപത്രിയിലെ സിവില്‍ സര്ജന് പ്രമോദ് ഖാന്‍ഡറ്റെ പറഞ്ഞു. മരിച്ചത് ഒരു ദിവസം മുതല്‍ മൂന്ന് മാസം വരെ പ്രായമുള്ള കുട്ടികളാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ച കുട്ടികളുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. കുട്ടികളുടെ മരണത്തില്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അനുശോചിച്ചു.
നിര്‍ഭാഗ്യകരമായ സംഭവമാണെന്നും അപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. അതിദാരുണമായ സംഭവമെന്ന് അപകടത്തെ ട്വിറ്ററിലൂടെ വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മരിച്ച കുട്ടികളുടെ കുടുംബത്തിന് ആവശ്യമായ സഹായം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.