കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചുള്ള താരങ്ങളുടെ ട്വീറ്റുകളില്‍ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

കര്‍ഷകസമരത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച ട്വീറ്റുകള്‍ക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ അന്വേഷണം. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ലത മങ്കേഷ്‌കര്‍, അക്ഷയ് കുമാര്‍, വിരാട് കോഹ്‌ലി തുടങ്ങിയവരുടെ ട്വീറ്റുകളിലാണ് അന്വേഷണം. ഏതെങ്കിലും ബാഹ്യ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണോ ട്വീറ്റുകള്‍ എന്നാണ് പരിശോധിക്കുക. കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച്‌ ട്വീറ്റ് ചെയ്യാന്‍ സച്ചിന്‍ ഉള്‍പ്പെടെ താരങ്ങളില്‍ ബിജെപി സമ്മര്‍ദം ചെലുത്തിയെന്നും ഇതില്‍ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച്‌ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.

കര്‍ഷക സമരത്തെ പിന്തുണച്ചുള്ള പോപ് താരം റിഹാനയുടെ ട്വീറ്റിന് വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ അനുകൂല ട്വീറ്റുകള്‍ വന്നുതുടങ്ങിയത്. ഒരു വ്യക്തിക്കോ സെലിബ്രിറ്റിക്കോ ഏതെങ്കിലും വിഷയത്തില്‍ പ്രതികരിക്കണമെങ്കില്‍ അതു ചെയ്യാം. പക്ഷേ, പെട്ടെന്നുണ്ടായ പ്രതികരണങ്ങള്‍ക്കു പിന്നില്‍ ബിജെപിയാണോ എന്ന സംശയസാധ്യത നിലനില്‍ക്കുന്നുവെന്ന് സച്ചിന്‍ സാവന്ത് പറഞ്ഞു. പലരുടെയും ട്വീറ്റില്‍ സമാന പദങ്ങള്‍ ഉണ്ടായിരുന്നു.

അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൈന നെഹ്വാള്‍ എന്നിവരുടെ ട്വീറ്റുകള്‍ ഒരേ രീതിയിലുള്ളവയായിരുന്നു. അക്ഷയ് കുമാറിന്റേയും സൈന നെഹ്വാളിന്റേയും പ്രതികരണങ്ങള്‍ സമാനമാണ്, സുനില്‍ ഷെട്ടിയുടെ ട്വീറ്റില്‍ ഒരു ബിജെപി നേതാവിനെ ടാഗ് ചെയ്തിരുന്നു. താരങ്ങളും ബിജെപി നേതാക്കളും തമ്മില്‍ ആശയ വിനിമയം നടന്നിട്ടുണ്ടെന്നാണ് ട്വീറ്റുകളുടെ സമാനസ്വഭാവം സൂചിപ്പിക്കുന്നത്. ഇത് അന്വേഷിക്കപ്പെടണമെന്നും സച്ചിന്‍ സാവന്ത് ആവശ്യപ്പെട്ടു. വിഷയത്തില്‍ പരിശോധന നടത്താന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുള്ള പോപ് താരം റിഹാന, പരിസ്ഥിതി പ്രവര്‍ത്തക, ഗ്രേറ്റ തുന്‍ബെര്‍ഗ് എന്നിവരുടെ ട്വീറ്റിനു പിന്നാലെ #IndiaAgainstPropaganda #IndiaTogether എന്നിങ്ങനെ ഹാഷ് ടാഗുകളിലായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ സര്‍ക്കാര്‍ അനുകൂല ട്വീറ്റുകള്‍. കര്‍ഷകര്‍ക്കുവേണ്ടി ഒരിക്കല്‍പോലും ശബ്ദം ഉയര്‍ത്താതിരുന്നവര്‍ പെട്ടെന്ന് പ്രതികരണവുമായി എത്തിയതോടെ സച്ചിന്‍ ഉള്‍പ്പെടെ കടുത്ത വിമര്‍ശനം നേരിടേണ്ടിവന്നു.

LEAVE A REPLY

Please enter your comment!
Please enter your name here