സർക്കാർ ഓഫീസുകൾ വൃത്തിയാക്കാൻ ഗോമൂത്രത്തിൽ നിന്ന് നിർമിച്ച ഫിനോയിൽ മാത്രം; ഉത്തരവിറക്കി മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: മധ്യപ്രദേശിലെ സർക്കാർ ഓഫീസുകളുടെ ശുചീകരണത്തിന് ഗോമൂത്രത്തിൽ നിന്ന് നിർമിക്കുന്ന ഫിനോയിൽ മാത്രമേ ഉപയോഗിക്കാവൂയെന്ന് സർക്കാർ ഉത്തരവ്. പൊതുഭരണ വകുപ്പിന്റേതാണ് ഉത്തരവ്. രാസവസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന ഫിനോയിലിന് പകരം സർക്കാർ ഓഫീസുകൾ ഗോമൂത്രത്തിൽ നിന്ന് നിർമിക്കുന്ന ഫിനോയിൽ ഉപയോഗിക്കമമെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി നിവാസ് ശർമ ഇറക്കിയ ഉത്തരവിൽ പറയുന്നു. ‌

സംസ്ഥാനത്ത് ഗോക്കളുടെ സംരക്ഷണത്തിനും പശുവളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ഗോമൂത്രത്തിൽ നിന്നുള്ള ഫിനോയിൽ ഉപയോഗിക്കണമെന്ന തീരുമാനം നവംബറിൽ ചേർന്ന ‘പശു മന്ത്രിസഭ’ എടുത്തിരുന്നു. ഗോമൂത്ര ബോട്ട്ലിങ് പ്ലാന്റുകളും ഗോമൂത്ര ഫിനോയിൽ നിർമാണ ഫാക്ടറികളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രേംസിങ് പട്ടേൽ വ്യക്തമാക്കി.

ഉൽപാദനം ആരംഭിക്കുന്നതിന് മുൻപ് തന്നെ ആവശ്യകത വർധിപ്പിക്കുകയാണ്. ഇനി പാൽ ചുരുത്തുന്നത് നിർത്തിയ പശുക്കളെ ആരും തെരുവിൽ ഉപേക്ഷിക്കില്ല. ഇത് മധ്യപ്രദേശിലെ പശുക്കളുടെ അവസ്ഥയ്ക്ക് നല്ല മാറ്റം കൊണ്ടുവരും”- മന്ത്രി പറഞ്ഞു. അതേസമയം, ഫിനോയിൽ നിർമിക്കുന്ന സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

”യാതൊരു അടിസ്ഥാന സംവിധാനവും നിർമിക്കാതെയാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. കന്നുകാലികളെയും കന്നുകാലികളിൽ നിന്ന് ലഭിക്കുന്ന ഉൽപന്നങ്ങളെയും പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യമെങ്കിൽ ആദ്യം സംസ്ഥാനത്ത് കുറച്ച് ഫാക്ടറികൾ തുറക്കുകയാണ് വേണ്ടിയിരുന്നത്. ഇനി ആവശ്യമായ ഫിനോയിൽ നിർമിക്കാനുള്ള ജോലി ഉത്തരാഖണ്ഡിലെ സ്വകാര്യ കമ്പനിക്ക് ലഭിക്കും”- കോൺഗ്രസ് എംഎൽഎ കുനാൽ ചൗധരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here