കൊച്ചി∙ സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ബന്ധുക്കളെ വിഡിയോ കോള്‍ ചെയ്യാന്‍ അനുമതി നല്‍കി കോടതി. ജയിലില്‍ ശിവശങ്കറിന് പേനയും പേപ്പറും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കസ്റ്റംസ് കസ്റ്റഡിക്കുശേഷം തിരികെ ജയിലിലെത്തുമ്ബോഴാണ് ഇവ അനുവദിക്കുകയെന്നാണ് വിവരം.

നിലവില്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിനെ അഞ്ചുദിവസത്തെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കസ്റ്റംസ് 10 ദിവസം ആവശ്യപ്പെട്ടെങ്കിലും അഞ്ച് ദിവസത്തേക്കാണ് കോടതി ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടത്. കസ്റ്റംസ് അന്വേഷണസംഘത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ശിവശങ്കര്‍ വഹിച്ചിരുന്ന പദവികള്‍ കസ്റ്റഡി അപേക്ഷയില്‍ പരാമര്‍ശിക്കാതിരുന്നത് ഭയം മൂലമാണോയെന്നും അന്വേഷണത്തിന്റെ അവസാനനിമിഷം അറസ്റ്റിലേക്കുനയിച്ച കാരണമെന്തെന്നും കോടതി ചോദിച്ചത്. അപേക്ഷയില്‍ ‘തിരുവനന്തപുരം, പൂജപ്പുര ദേവദര്‍ശനയില്‍ എന്‍.ഡി. മാധവന്‍ നായരുടെ മകന്‍ എം. ശിവശങ്കര്‍’ എന്നുമാത്രമാണ് കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നത്.

സ്വര്‍ണം കടത്താന്‍ ശിവശങ്കറിന്റെ സ്വാധീനം ഉപയോഗിക്കാന്‍ സ്വപ്‌നയും സരിത്തും എന്ത് കാരണത്താലാണ് തീരുമാനിച്ചതെന്നും കേസിലുള്‍പ്പെട്ട മറ്റുള്ളവരും ശിവശങ്കറും തമ്മിലുള്ള ബന്ധമെന്തെന്നും അപേക്ഷയില്‍ കാണുന്നില്ലെന്നും സ്വര്‍ണക്കടത്തിനെ എങ്ങനെയാണ് ശിവശങ്കര്‍ സഹായിച്ചതെന്ന് സത്യവാങ്മൂലത്തിലും പറയുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.

കസ്റ്റംസിന്റെ കസ്റ്റഡി അപേക്ഷയില്‍ 10 ദിവസം വേണമെന്നും അതേസമയം, സത്യവാങ്മൂലത്തില്‍ അഞ്ചുദിവസത്തെ കസ്റ്റഡി എന്നും രേഖപ്പെടുത്തിയത്തിലെ വൈരുദ്ധ്യവും കോടതി എടുത്തുപറഞ്ഞു. എന്നാല്‍ കേസില്‍ വിശദമായ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. വാട്‌സാപ്പ് ചാറ്റുകളില്‍നിന്നു ലഭിച്ച തെളിവുകള്‍ പ്രഥമദൃഷ്ട്യാ സ്വര്‍ണക്കടത്തിന് ശിവശങ്കര്‍ സഹായിച്ചു എന്ന് വ്യക്തമാകുന്നതായി കസ്റ്റംസ് അവകാശപ്പെടുന്നതായും കോടതി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here