രേഖകള്‍ ഹാജരാക്കിയില്ല; കെ.എം ഷാജിക്കെതിരെ കുരുക്ക് മുറുകുന്നു

കോഴിക്കോട്: കണ്ണൂരിലെ വീട്ടില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തിയ അരക്കോടി രൂപയുടെ രേഖകള്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും മുസ്ലിംലീഗ് നേതാവായ കെഎം ഷാജി എംഎല്‍എ ഹാജരാക്കിയില്ല. ബന്ധുവിന്റെ ഭൂമിയിടപാടിന്റെ രേഖകളാണെന്നും ഹാജരാക്കാന്‍ ഒരുദിവസത്തെ സാവകാശം വേണമെന്നും കെ എം ഷാജി വിജിലന്‍സിനെ അറിയിച്ചിരുന്നു. എന്നാല്‍ മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും രേഖള്‍ ഹാജരാക്കാന്‍ തയാറായതോടെ വന്നതോടെ കെ.എം ഷാജി കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുകയാണ്. ഷാജിയെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ഉടന്‍ നോട്ടീസ് നല്‍കും.

കെ എം ഷാജിയെ അറസ്റ്റ് ചെയ്യാന്‍ നിലവിലെ സാഹചര്യത്തില്‍ തടസങ്ങളില്ലെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പരിശോധനയ്ക്കിടെ ഷാജിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത വിദേശ കറന്‍സിയും ഭൂമിയിടപാടിന്റെ രേഖകളും കോടതിയില്‍ സമര്‍പ്പിക്കും. പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞദിവസം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച കെ.എം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട്ടില്‍ 16 മണിക്കൂര്‍ നേരം വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു.

വിജിലന്‍സ് പരിശോധനയില്‍ കെ എം ഷാജി എംഎല്‍എയുടെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് ഭൂമിയിടപാടിന്റെ 72 രേഖകള്‍.തെരഞ്ഞെടുപ്പ് സത്യവാങ് മൂലത്തില്‍ പറയുന്നതില്‍ കൂടുതല്‍ സ്വര്‍ണ്ണവും ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. അതേസമയം കണ്ണൂരിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയ അരക്കോടി രൂപയ്ക്കുള്ള രേഖകള്‍ ഉടന്‍ ഹാജരാക്കാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടെങ്കിലും ഷാജി സ്ഥലത്തില്ലെന്നാണ് മറുപടി ലഭിച്ചത്. തെരഞ്ഞെടുപ്പ് സത്യവാങ് മൂലത്തില്‍ 160 ഗ്രാം സ്വര്‍ണ്ണമാണ് ഷാജി കാണിച്ചിരുന്നത്. എന്നാല്‍ പരിശോധനയില്‍ 491 ഗ്രാം സ്വര്‍ണ്ണം കണ്ടെത്തിയതായാണ് വിവരം. പരിശോധനയില്‍ കണ്ടെത്തിയ വിദേശ കറന്‍സികള്‍ മക്കളുടെ ശേഖരത്തിലുള്ളതെന്നാണ് ഷാജി വിജിലന്‍സിന് നല്‍കിയ മറുപടി.

സിപിഎം പ്രവര്‍ത്തകനായ അഡ്വ. എം ആര്‍ ഹരീഷ് നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് കെ എം ഷാജിക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. അഴീക്കോട്ടെ ഒരു സ്‌കൂളില്‍ നിന്ന് പ്ലസ് ടു അനുവദിക്കാന്‍ കോഴയാവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് കെ എം ഷാജിയെയും ഭാര്യ ആഷയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കെ എം ഷാജിക്കെതിരെയുള്ള കേസ് ഈ മാസം 23ന് കോഴിക്കോട് വിജിലന്‍സ് കോടതി പരിഗണിക്കും.

മുഖ്യമന്ത്രി പകപ്പോക്കുകയാണെന്ന് കെ എം ഷാജി നേരത്തെ ആരോപിച്ചിരുന്നു. റെയ്ഡ് പ്രതീക്ഷിച്ച നാടകമെന്നും കെ എം ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ പൂട്ടാന്‍ പിണറായിക്ക് സാധിക്കില്ല. പിടിച്ചെടുത്ത പണം തിരിച്ചുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത അരക്കോടി രൂപയ്ക്ക് രേഖകളുണ്ടെന്ന് കെ എം ഷാജി എം എല്‍ എ. ബന്ധുവിന്റെ ഭൂമി ആവശ്യത്തിനുള്ള തുകയാണ് പിടിച്ചെടുത്തത്. രേഖകള്‍ ഹാജരാക്കാന്‍ ഒരു ദിവസം സമയം അനുവദിക്കണമെന്നും ഷാജി വിജിലന്‍സ് സംഘത്തെ അറിയിച്ചു.
അഴിക്കോടും കോഴിക്കോടുമുള്ള വീടുകള്‍ ഭാര്യ ആശയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെക്കുറിച്ചും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here