മധ്യപ്രദേശില്‍ ലവ് ജിഹാദ് തടയാനെന്ന പേരിലുള്ള നിയമം പ്രാബല്യത്തില്‍. 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ഫ്രീഡം ഓഫ് റിലീജ്യന്‍ ഓര്‍ഡിനന്‍സ് 2020 എന്നാണ് നിയമത്തിന്റെ പേര്. ഓർഡിനൻസിന് ഗവർണർ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. നിയമം പ്രാബല്യത്തിലായെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. നിര്‍ബന്ധിച്ചോ ഭീഷണിപ്പെടുത്തിയോ ആകര്ഷിച്ചോ തെറ്റിദ്ധരിപ്പിച്ചോ മതം മാറ്റുന്നത് തടയുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
അതേസമയം വിവാഹത്തിനായുള്ള മതം മാറ്റം മജിസ്ട്രേറ്റിന്റെ അനുമതിയോടെ മാത്രമേ പാടുള്ളൂ. അല്ലെങ്കില്‍ വിവാഹം അസാധുവാകും. വിവാഹത്തിനായി മതംമാറാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ മജിസ്ട്രേറ്റിന് ഒരു മാസം മുന്‍പ് അപേക്ഷ നല്‍കണമെന്നും നിയമത്തില്‍ പറയുന്നു. ഏതെങ്കിലും തരത്തില്‍ നിര്‍ബന്ധിച്ചാണ് മതം മാറ്റിയതെന്ന് തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, പട്ടികജാതി – പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവരെ നിര്‍ബന്ധിച്ച് മതം മാറ്റിയാല്‍ രണ്ട് മുതല്‍ 10 വര്‍ഷം വരെ തടവും 50000 രൂപ വരെ പിഴയും ലഭിക്കും.ലവ് ജിഹാദ് തടയാനെന്ന പേരില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിയ നിയമങ്ങള്‍ സുപ്രീംകോടതി പരിശോധിക്കും. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമങ്ങളുടെ സാധുതയാണ് കോടതി പരിശോധിക്കുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയച്ചു.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും രാജ്യത്തിന്റെ മതേതരത്വത്തിനും എതിരാണ് പുതിയ നിയമങ്ങളെന്ന ഹരജികള്‍ പരിഗണിച്ചാണ് കോടതിയുടെ ഇടപെടല്‍. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്നതും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷമുണ്ടാകാന്‍ ഇടയാക്കുന്നതുമാണ് നിയമ നിര്‍മാണങ്ങളെന്നാണ് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയത്. എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിക്കുന്നില്ല എന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ആദ്യം ചോദിച്ചത്. ഉത്തരാഖണ്ഡ്, അലഹബാദ് ഹൈക്കോടതികളുടെ പരിഗണനയിലുള്ള കാര്യമായതിനാല്‍ എന്തുകൊണ്ട് ആ കോടതികളെ സമീപിച്ചുകൂടാ എന്നാണ് ജസ്റ്റിസ് ചോദിച്ചത്. എന്നാല്‍ ഒന്നിലധികം സംസ്ഥാനങ്ങള്‍ സമാന നിയമ നിര്‍മാണം നടത്തിയിട്ടുള്ളതിനാല്‍ പരമോനത കോടതി തന്നെ ഇക്കാര്യം പരിശോധിക്കണമെന്ന് ‘സിറ്റിസന്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസി’ന് വേണ്ടി ഹാജരായ സി യു സിങ് വാദിച്ചു. തുടര്‍ന്നാണ് രണ്ട് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചത്.